കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാതെ സെഷന്‍സ് കോടതി

ഛത്തീസ്ഗഢില്‍ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാതെ ദുര്‍ഗ് സെഷന്‍സ് കോടതി. പരിഗണിക്കാന്‍ അധികാരമില്ലെന്ന് സെഷന്‍സ് കോടതി വ്യക്തമാക്കി. കന്യാസ്ത്രീകള്‍ ജയിലില്‍ തുടരും. മജിസ്ട്രേറ്റ് കോടതി അപേക്ഷ തള്ളിയത്തോടെയാണ് സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കിയത്. മനുഷ്യക്കടത്ത് വകുപ്പ് ചുമത്തിയതിനാല്‍ അധികാരപരിധിയില്‍ വരില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ദുര്‍ഗ് സെഷന്‍സ് കോടതി ജാമ്യാപേക്ഷ പരിഗണിക്കാന്‍ വിസമ്മതിച്ചത്. ബിലാസ്പൂര്‍ എന്‍ഐഎ കോടതിയെ സമീപിക്കാനാണ് നിര്‍ദേശമെന്ന് ബജ്‌റങ്ദള്‍ അഭിഭാഷകന്‍ പറഞ്ഞു. ഇതിനാല്‍ സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദനാ ഫ്രാന്‍സിസ് എന്നിവര്‍ ദുര്‍ഗ് സെന്‍ട്രല്‍ ജയിലില്‍ തുടരേണ്ടിവരും. കോടതിയ്ക്ക് മുന്നിൽ ബജ്റങ്ദൾ പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി. കന്യാസ്ത്രീകളെയും ഒപ്പമുണ്ടായിരുന്നവരെയും അധിക്ഷേപിച്ച ബജ്റങ്ദൾ പ്രവർത്തകരാണ് കോടതിയ്ക്ക് മുന്നിൽ മുദ്രാവാക്യങ്ങളുമായി എത്തിയത്. മതപരിവർത്തനവും മനുഷ്യക്കടത്ത് ആരോപണങ്ങൾ പ്രവർത്തകർ ആവർത്തിച്ചു.
ദുര്‍ഗ് സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളെ ഇടത് എംപിമാരുടെ സംഘം ഇന്ന് ജയിലില്‍ എത്തി കണ്ടു. രണ്ട് പേര്‍ക്കും നിരവധി ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ഇരുവരെയും നിലത്താണ് കിടത്തിയതെന്നും ബൃന്ദാ കാരാട്ട് സന്ദര്‍ശന ശേഷം പ്രതികരിച്ചു. അവര്‍ തീര്‍ത്തും നിരപരാധികളാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. കേസ് രാഷ്ട്രീയ പ്രേരിതമെന്നും തികച്ചും ആസൂത്രിതമെന്നും സന്ദര്‍ശന ശേഷം ജോസ് കെ മാണി പ്രതികരിച്ചു. കന്യാസ്ത്രീകള്‍ വലിയ ഉപദ്രവം നേരിട്ടു. പുറത്ത് പറയാന്‍ സാധിക്കാത്ത അതിക്രമങ്ങള്‍ നടത്തി. എല്ലാം ഭരണകൂടത്തിന്റെ പദ്ധതി – ജോസ് കെ മാണി പറഞ്ഞു. കന്യാസ്ത്രീകളുടെ ആരോഗ്യനില മോശമാകുന്നു എന്ന് ആനി രാജ പറഞ്ഞു. മരുന്നുകള്‍ പോലും ലഭ്യമല്ല. അവര്‍ പ്രായമായവര്‍ ആണ്.ജയില്‍ അധികൃതര്‍ അവരെ ആശുപത്രിയിലേക്ക് മാറ്റണം – ആനി രാജ വ്യക്തമാക്കി.