ലെെംഗികാതിക്രമ പരാതി; ‘എന്നിലർപ്പിച്ച വിശ്വാസത്തിനും, ഒപ്പം നിന്നതിനും, നന്ദി’ പറഞ്ഞ് നിവിൻ പോളി
![ലെെംഗികാതിക്രമ പരാതി; ‘എന്നിലർപ്പിച്ച വിശ്വാസത്തിനും, ഒപ്പം നിന്നതിനും, നന്ദി’ പറഞ്ഞ് നിവിൻ പോളി](https://keralapoliticsonline.com/wp-content/uploads/2024/11/nivin-pauly-850x560.jpg)
കൊച്ചി: ലെെംഗികാതിക്രമ പരാതിയില് കോടതിയുടെ ക്ലീൻ ചിറ്റ് ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി നടൻ നിവിൻ പോളി..’എന്നിലർപ്പിച്ച വിശ്വാസത്തിനും, ഒപ്പം നിന്നതിനും, നിങ്ങളോരോരുത്തരുടേയും പ്രാർത്ഥനകൾക്കും ഹൃദയത്തിൽ നിന്ന് നന്ദി’ എന്നാണ് ഫേസ്ബുക്കിലൂടെ നിവിന്റെ പ്രതികരണം.
കോതമംഗലം ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസിൽ നിവിൻ പോളിക്ക് ക്ലീൻ ചിറ്റ് നൽകിയത്. ലൈംഗിക അതിക്രമം നടന്നുവെന്ന് പറയപ്പെടുന്ന സമയത്ത് നിവിൻ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പരാതിയിൽ കഴമ്പില്ലെന്ന് കണ്ടതോടെയാണ് കേസിൽ നിവിന് കോടതി ക്ലീൻ ചിറ്റ് നൽകിയത്.
അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് നിവിൻ അടക്കമുള്ള സംഘം ലൈംഗീകമായി പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പരാതി. അതേസമയം കേസിൽ പ്രതികളായ മറ്റ് അഞ്ചുപേർക്കെതിരെ അന്വേഷണം തുടരും. സിനിമാരംഗത്തെ ലൈംഗീക ചൂഷണങ്ങളടക്കമുള്ളവയെ കുറിച്ച് ജസ്റ്റിസ് ഹേമ തയ്യാറാക്കിയ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു നിവിൻ പോളിയടക്കമുള്ളവർക്കെതിരെ പരാതിക്കാരി ആരോപണവുമായി രംഗത്ത് എത്തിയത്.
തുടർന്ന് സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു. 2023 ഡിസംബർ 14,15 തീയതികളിൽ ദുബായിൽവെച്ചായിരുന്നു സംഭവമെന്നും മൊബൈൽ ഫോണിൽ പീഡന ദൃശ്യങ്ങൾ പകർത്തിയെന്നും അത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞിരുന്നു. തുടർന്ന് കൂട്ടബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമായിരുന്നു നിവിൻ അടക്കമുള്ളവർക്കെതിരെ പൊലീസ് കേസെടുത്തത്.
എന്നാൽ യുവതിയുടെ ആരോപണങ്ങൾ തള്ളി വാർത്താസമ്മേളനം നടത്തിയ നിവിൻ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ പീഡനം നടന്നുവെന്ന് യുവതി ആരോപിക്കുന്ന ദിവസങ്ങളിൽ നിവിൻ താൻ സംവിധാനം ചെയ്ത ‘വർഷങ്ങൾക്ക് ശേഷം’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലായിരുന്നുവെന്ന് സംവിധായകൻ വിനീത് ശ്രീനിവാസൻ വ്യക്തമാക്കി മുന്നോട്ട് വന്നിരുന്നു. ഇതിന്റെ ഡിജിറ്റൽ തെളിവുകളും വിനീത് പുറത്തുവിട്ടിരുന്നു.