ഷാരോണ്‍ വധക്കേസ്; ഗ്രീഷ്മയ്‌ക്കെതിരെ ഡിജിറ്റല്‍ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ച് പ്രോസിക്യൂഷന്‍
തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയ്‌ക്കെതിരെ ഡിജിറ്റല്‍ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ച് പ്രോസിക്യൂഷന്‍. വിഷത്തിന്റെ പ്രവര്‍ത്തനരീതി കൊലപാതകം നടത്തിയ ദിവസം രാവിലെ ഗ്രീഷ്മ ഇന്റർനെറ്റില്‍ തിരഞ്ഞിരുന്നു. ഇതാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചത്.
പാരാക്വാറ്റ് എന്ന കളനാശിനിയുടെ മനുഷ്യ ശരീരത്തിലെ പ്രവര്‍ത്തനരീതിയും വിഷം അകത്ത് ചെന്നാല്‍ ഒരാള്‍ എത്ര നേരം കൊണ്ട് മരിക്കുമെന്നുമാണ് ഗ്രീഷ്മ തിരഞ്ഞത്. ഇത് ഗ്രീഷ്മയുടെ ഫോണില്‍ നിന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതാണ് കോടതിയില്‍ സമര്‍പ്പിച്ചത്. ഇതിന് പുറമേ ഷാരോണിന്റെ ഫോണില്‍ നിന്ന് കണ്ടെത്തിയ തെളിവുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു.
2022 ഒക്ടോബര്‍ 25നാണ് ഷാരോണ്‍ മരിക്കുന്നത്. ഗ്രീഷ്മ, അമ്മ സിന്ധുവിന്റെയും അമ്മാവന്‍ നിര്‍മല്‍കുമാറിന്റെയും സഹായത്തോടെ ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഒക്ടോബര്‍ പതിമൂന്ന്, പതിനാല് ദിവസങ്ങളില്‍ ഗ്രീഷ്മ ഷാരോണിന് കഷായത്തില്‍ വിഷം ചേര്‍ത്ത് നല്‍കി. അവശനിലയിലായ ഷാരോണിനെ വീട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെയാണ് ഷാരോണ്‍ മരിക്കുന്നത്. പാറശ്ശാല പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 142 സാക്ഷികളാണുള്ളത്. അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എ.എം.ബഷീറിനു മുന്നിലാണ് തെളിവ് വിചാരണ നടക്കുന്നത്. കുറ്റകൃത്യം നടന്നത് തമിഴ്നാട്ടിലായതിനാല്‍ വിചാരണ അവിടെ നടത്തണമെന്നാവശ്യപ്പെട്ട് പ്രതികളുടെ അഭിഭാഷകന്‍ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചിരുന്നു. എന്നാല്‍, വിചാരണ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ തുടരാന്‍ സുപ്രീംകോടതി നിര്‍ദേശിക്കുകയായിരുന്നു. കേസിന്റെ വിചാരണ നാളെ നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ തുടരും.