നടി ഷെഫാലിയുടെ മരണത്തിൽ ദുരൂഹത; പോലീസ് അന്വേഷണം ആരംഭിച്ചു

മുംബൈ: ബോളിവുഡ് നടി ഷെഫാലി ജരിവാലയുടെ മരണത്തിൽ ദുരൂഹതയെന്ന് പൊലീസ്. മരണകാരണം ഇപ്പോഴും വ്യക്തമല്ലെന്നാണ് മുംബൈ പൊലീസ് അറിയിച്ചിരിക്കുന്നത്. മുംബൈയിലെ അഡേരിയിൽ ഷെഫാലിയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെതുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ച് ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുന്നതായി പോലീസ് പറഞ്ഞു.
2002 ൽ പുറത്തിറങ്ങിയ മ്യൂസിക് വീഡിയോയായ ‘കാൻട്ടാ ലഗാ’യിലൂടെയാണ് ഷെഫാലി ജരിവാല ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് സൽമാൻ ഖാന്റെ ‘മുജ്സെ ഷാദി കരോഗി’ എന്ന ചിത്രത്തിൽ അഭിനയിച്ചു. 2019 ൽ പുറത്തിറങ്ങിയ വെബ് സീരീസായ ‘ബേബി കം ന’യിലും പ്രധാനവേഷമിട്ടു. ‘ബൂഗി വൂഗി’, ‘നാച്ച് ബലിയേ’ തുടങ്ങിയ അറിയപ്പെടുന്ന ഡാൻസ് റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്. നടൻ പരാഗ് ത്യാഗിയാണ് ഷെഫാലിയുടെ ഭർത്താവ്.