ടി20 ക്രിക്കറ്റിൽ 2000 റൺസ് മറികടക്കുന്ന പ്രായം കുറഞ്ഞ താരമായി ഷെഫാലി വർമ; കൈവിരിച്ചത് റെക്കോർഡ് നേട്ടം
വനിത ട്വന്റി 20യിൽ അപൂർവ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ഓപ്പണർ ഷെഫാലി വർമ. 2000 റൺസ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് ഷെഫാലി സ്വന്തമാക്കിയത്. ട്വന്റി 20 ലോകകപ്പിൽ ശ്രീലങ്കക്കെതിരായ മത്സരത്തിലാണ് 20 വയസ്സും 255 ദിവസവും പ്രായമുള്ള താരത്തിന്റെ നേട്ടം.
23 വയസ്സും 35 ദിവസവും പ്രായമുള്ളപ്പോൾ അയർലൻഡ് താരം ഗാബി ലൂയിസ് സ്വന്തമാക്കിയ റെക്കോർഡാണ് ഷെഫാലി ഇതോടെ മറികടന്നത്.ശ്രീലങ്കക്കെതിരായ മത്സരത്തിൽ 2000ത്തിലെത്താൻ ഷഫാലിക്ക് 18 റൺസാണ് വേണ്ടിയിരുന്നത്. 43 റൺസെടുത്താണ് താരം തിരിച്ചുകയറിയത്. വനിത ട്വന്റി 20യിൽ 2000 ക്ലബിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യൻ ബാറ്ററാണ് ഷെഫാലി. സ്മൃതി മന്ദാന, ഹർമൻപ്രീത് കൗർ, മിഥാലി രാജ്, ജമീമ റോഡ്രിഗസ് എന്നിവരാണ് ഇതിന് മുമ്പ് ടി20 യിൽ 2000 റൺസ് മറികടന്നത് .
2019ൽ 15ാം വയസ്സിലാണ് ഷെഫാലി ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറിയത്. വനിത ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ ഇരട്ട സെഞ്ച്വറി നേടിയതിന്റെ റെക്കോർഡും ഷെഫാലിയുടെ പേരിലാണ്.
അതേ സമയം വനിത ട്വന്റി 20 ലോകകപ്പിൽ ഗ്രൂപ്പ് എയിലെ മൂന്നാം മത്സരത്തിൽ ശ്രീലങ്കയെ 82 റൺസിന് തോൽപിച്ച് ഇന്ത്യ സെമി ഫൈനൽ സാധ്യത നിലനിർത്തി. ഇതോടെ മൂന്ന് മത്സരങ്ങളിൽ രണ്ട് ജയവും ഒരു തോൽവിയുമായി ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. ന്യൂസിലൻഡുമായുള്ള ലോകകപ്പിലെ ആദ്യ മത്സരമാണ് ഇന്ത്യ തോറ്റത്. ശേഷം പാകിസ്താനെതിരെയുള്ള രണ്ടാം മത്സരം വിജയിച്ചു. നിർണായകമായ നാലാം മത്സരത്തിൽ ഞായറാഴ്ച ആസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ. ആദ്യ രണ്ട് സ്ഥാനക്കാർക്കാണ് സെമി പ്രവേശനം.