റിന്‍സി മുംതാസിന്റെ ലഹരിക്കച്ചവടത്തില്‍ ഞെട്ടിക്കുന്ന തെളിവുകള്‍; നടത്തിയത് ലക്ഷങ്ങളുടെ ലഹരി കച്ചവടം

എംഡിഎംഎയുമായി പിടിയിലായ യൂട്യൂബര്‍ റിന്‍സി മുംതാസിന്റെ ലഹരിക്കച്ചവടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഉപഭോക്താക്കളുമായുള്ള ഇടപാടുകള്‍ വാട്‌സാപ്പിലൂടെ. സിനിമാ മേഖലയിലുള്ളവര്‍ക്കും ലഹരിയെത്തിച്ചെന്ന് കണ്ടെത്തല്‍. കച്ചവടത്തിനായി 750 വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ചു. നടന്നത് ലക്ഷങ്ങളുടെ ലഹരിക്കച്ചവടം.
ലഹരിക്കച്ചവടവുമായി ബന്ധപ്പെട്ട് റിന്‍സി നടത്തിയ വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ പകര്‍പ്പ് ഉള്‍പ്പടെയാണ് തെളിവുകൾ. ഉപഭോക്താക്കള്‍ക്ക് ലഹരിമരുന്നിന്റെ ചിത്രങ്ങള്‍ വാട്‌സാപ്പിലൂടെ അയച്ചുകൊടുത്തുവെന്ന് കണ്ടെത്തി. റിന്‍സി മുംതാസിന്റെ ഫ്ളാറ്റില്‍നിന്ന് 22 ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടിച്ചെടുത്തത്. റിന്‍സിയുടെ സുഹൃത്തായ യാസര്‍ അറഫാത്തിനെ പിന്തുടര്‍ന്നാണ് പൊലീസ് സംഘം ഫ്‌ളാറ്റിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലഹരി കണ്ടെത്തിയത്.
ലഹരി വാങ്ങാന്‍ പണം മുടക്കിയിരുന്നത് റിന്‍സിയാണ്. കച്ചവടം നടത്തി പണവും ലാഭവും വാങ്ങിയിരുന്നത് റിന്‍സിയുടെ കൂടെ പിടിയിലായ യാസര്‍ അറാഫത്ത്. വയനാട്ടില്‍ നിന്ന് പിടിയിലായ സംഘമാണ് റിന്‍സിയെ കുറിച്ചുള്ള വിവരം നല്‍കിയത്. ലഹരി വാങ്ങി കൊണ്ടുവന്നിരുന്നത് ബാംഗ്ലൂരില്‍ നിന്നെന്ന വിവരവും ലഭിച്ചു. ഡിജെ പാര്‍ട്ടികളില്‍ ആണ് പ്രധാനമായും മയക്കുമരുന്ന് എത്തിച്ചിരുന്നത്. റിന്‍സിയുടെ മൊഴിയില്‍ നിന്ന് ലഭിച്ച പേരുകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.