മെക്സിക്കോയിൽ മതപരമായ ആഘോഷത്തിനിടെ വെടിവെപ്പ്; 12 പേർ മരിച്ചു

മെക്സിക്കോയിൽ മതപരമായ ആഘോഷത്തിനിടെ വെടിവെപ്പ്. 12 പേർ മരിച്ചു. മെക്സിക്കൻ സംസ്ഥാനമായ ഗ്വാനജൂവട്ടോയിലെ ഇരാപ്വാട്ടോ നഗരത്തിലാണ് വെടിവെപ്പ് ഉണ്ടായത്. ഇരുപത് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ക്രൈസ്തവ മതവിശ്വാസികളുടെ ഒരു ആഘോഷ ചടങ്ങിനിടെയാണ് വെടിവെയ്പ്പ് ഉണ്ടായത്. രാത്രി വൈകിയും ആടിയും പാടിയും ആഘോഷത്തിലായിരുന്നു വിശ്വാസികൾ. ഇതിനിടയിലാണ് അക്രമി വെടിയുതിർത്തത്. സംഭവത്തെ മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെൻബോം അപലപിച്ചു. എന്താണ് വെടിവെപ്പിന് കാരണമെന്നും ആരാണ് പിന്നിലെന്നും അന്വേഷിക്കുകയാണെന്നും പ്രസിഡന്റ് പറഞ്ഞു.
സോഷ്യൽ മീഡിയയിൽ അടക്കം വെടിവെയ്പ്പിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്. പാട്ടും നൃത്തവുമായി കൂടിയിരിക്കുന്നവർക്ക് നേരെ വെടിവെപ്പ് ഉണ്ടാകുന്നതും, ആളുകൾ പലവഴിക്ക് ഓടിരക്ഷപ്പെടുന്നതും വീഡിയോയിൽ കാണാം. മെക്സിക്കോയിലെത്തന്നെ ഏറ്റവും സംഘർഷങ്ങൾ നിറഞ്ഞ പ്രദേശമാണ് ഗ്വാനജൂവട്ടോ. കഴിഞ്ഞ മെയ് മാസം, കാത്തോലിക്ക് ചർച്ചിന്റെ പരിപാടിക്ക് നേരെ നടത്തിയ ഒരു അക്രമി നടത്തിയ വെടിവെപ്പിൽ ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു.
Tag; Shooting at religious celebration in Mexico; 12 dead