ഇന്ത്യയിൽ സ്റ്റാർലിങ്കിന് അനുമതി; സെറ്റലൈറ്റ് വഴി ഇൻറർനെറ്റ് സേവനത്തിന് വാണിജ്യ ലൈസൻസ്

ഇലോൺ മസ്കിന്റെ സാറ്റലൈറ്റ് ഇൻറർനെറ്റ് സേവനമായ സ്റ്റാർലിങ്കിന് ഇന്ത്യയിൽ വാണിജ്യ സേവനം ആരംഭിക്കാൻ അനുമതി ലഭിച്ചു. രാജ്യത്തെ സ്പേസ് റെഗുലേറ്ററി ഏജൻസിയായ ഇൻസ്പേസ് (IN-SPACe) ആണ് സ്റ്റാർലിങ്കിന് അനുമതി നൽകിയിരിക്കുന്നത്. 2022 മുതലാണ് കമ്പനി ലൈസൻസ് അപേക്ഷിച്ച് കാത്തിരുന്നത്.
ടെലികോം മന്ത്രാലയത്തിൽ നിന്നും കഴിഞ്ഞമാസം ലഭിച്ച അനുമതിക്ക് തുടർന്നാണ് ഇൻസ്പേസിന്റെ അംഗീകാരവും ലഭിച്ചത്. അഞ്ചുവർഷത്തേക്കുള്ള ലൈസൻസാണ് സ്റ്റാർലിങ്കിന് അനുവദിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഇൻസ്പേസിന്റെ അംഗീകാരം ലഭിക്കുന്ന മൂന്നാമത്തെ സെറ്റലൈറ്റ് സേവന ദാതാവാണ് സ്റ്റാർലിങ്ക്.
ഡൽഹി ആസ്ഥാനമായുള്ള സ്റ്റാർലിങ്ക് സാറ്റലൈറ്റ് കമ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക്, Starlink Generation-1 LEO ഉപഗ്രഹങ്ങളിലൂടെയാണ് ഇന്ത്യയിൽ ഇൻറർനെറ്റ് സേവനം നൽകാൻ അനുമതിയുണ്ടായിരിക്കുന്നത്. ഭൂമിയിൽ നിന്ന് 540 മുതൽ 570 കിലോമീറ്റർ വരെ ഉയരത്തിൽ ഭ്രമണപഥത്തിൽ സഞ്ചരിക്കുന്ന 4,408 ഉപഗ്രഹങ്ങളാണ് സ്റ്റാർലിങ്ക് ജെനറേഷൻ-ഒൺ നെറ്റ്വർക്കിൽ ഉൾപ്പെടുന്നത്.
ഇപ്പോൾ ബാക്കിയുള്ളത് സ്പെക്ട്രം അനുവദനമാണ്. അതും ലഭിച്ചാൽ ഇന്ത്യയിൽ സ്റ്റാർലിങ്ക് സേവനം സജീവമായി ആരംഭിക്കാൻ കഴിയുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സ്റ്റാർലിങ്കിനൊപ്പം തന്നെ, ഉപഗ്രഹം വഴി ഇൻറർനെറ്റ് സേവനം നൽകാൻ SES (SES S.A.) എന്ന കമ്പനിക്കും ഇൻസ്പേസ് അനുമതി നൽകിയിട്ടുണ്ട്. ജിയോയുടെ സാറ്റലൈറ്റ് സേവനങ്ങൾ SES-ഉമൊപ്പമാണ് ഇന്ത്യയിൽ വരാനിരിക്കുന്നതെന്ന് സൂചന.
Tag: Starlink gets approval in India; Commercial license for internet service via satellite