വിദ്യാർത്ഥിയുടെ ഷോക്കേറ്റുള്ള മരണം: പ്രധാന അധ്യാപികയെ സസ്പെന്റ് ചെയ്യും

കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യാൻ തീരുമാനം. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സംഭവത്തെ തുടർന്ന് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സ്കൂളിൽ ഇന്നും പരിശോധന തുടരും. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കെഎസ്യു ഇന്ന് സ്കൂളിൽ പഠിപ്പു മുടക്കും. വിവിധ സംഘടനകളും വിദ്യാർത്ഥി സംഘടനകളും ഇന്ന് സ്കൂളിലേക്ക് പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചിട്ടുണ്ട്.
മിഥുനിന്റെ മൃതദേഹം നാളെ സംസ്കരിക്കും. വിദേശത്തുള്ള അമ്മയെ മരണവിവരം അറിയിച്ചു.
ഇന്നലെ രാവിലെ 8.30ഓടെയായിരുന്നു അപകടം. കളിക്കുന്നതിനിടെ സൈക്കിള്‍ ഷെഡിന് മുകളിലേയ്ക്ക് വീണ ചെരുപ്പെടുക്കാൻ ശ്രമിക്കുകയായിരുന്നു മിഥുൻ. അതിനിടെ കാൽ തെന്നി താഴെ കിടന്ന അപകടകരമായ നിലയിലിരുന്ന വൈദ്യുതിക്കേബിള്‍ തൊടുകയും ഷോക്കേറ്റു വീഴുകയും ചെയ്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവം നടന്ന പിന്നാലെ അപകടകരമായ നിലയിലുണ്ടായിരുന്ന സ്കൂൾ കെട്ടിടത്തിന് മുകളിലൂടെ കടന്നുപോയ വൈദ്യുതിലൈൻ അധികൃതർ രാത്രി വൈകി വിച്ഛേദിച്ചു.
Tag:Student’s death due to shock: Head teacher to be suspended