Latest News

വിദ്യാർത്ഥികൾക്ക് എച്ച് 1 എൻ 1 രോ​ഗലക്ഷണങ്ങൾ, കുസാറ്റ് ക്യാമ്പസ് അടച്ചു

 വിദ്യാർത്ഥികൾക്ക് എച്ച് 1 എൻ 1 രോ​ഗലക്ഷണങ്ങൾ, കുസാറ്റ് ക്യാമ്പസ് അടച്ചു

എറണാകുളത്തെ കുസാറ്റ് ക്യാമ്പസ് അഞ്ച് ദിവസത്തേക്ക് അടച്ചു. വിദ്യാർത്ഥികൾക്ക് എച്ച് വൺ എൻ വൺ രോ​ഗ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ക്യാമ്പസ് അടച്ചത്. നാളെ മുതൽ ക്ലാസുകൾ ഓൺലൈൻ മുഖേന ആയിരിക്കും നടക്കുന്നത്. ക്യാമ്പസിലെ ചില ഹോസ്റ്റലുകളിൽ രോ​ഗബാധ കണ്ടതിനെ തുടർന്നാണ് നടപടി. കേരളത്തിന് പുറത്തുള്ളവർ ഒഴികെ മറ്റെല്ലാ വിദ്യാർത്ഥികളും ഹോസ്റ്റൽ മുറികൾ ഒഴിയാനും നിർദേശം നൽകിയിട്ടുണ്ട്.

എന്താണ് എച്ച്1 എന്‍1?
സ്വൈൻ ഇൻഫ്ളുവൻസ അല്ലെങ്കിൽ പന്നിപ്പനി അല്ലെങ്കിൽ എച്ച് വൺ എൻ വൺ ഇൻഫ്ളുവൻസ എന്ന അസുഖം 2009 മുതൽ അന്താരാഷ്ട്രതലത്തിൽ പകർച്ചവ്യാധിയായി റിപ്പോർട്ട് ചെയ്തിട്ടുളളതാണ്. RNA വൈറസുകളുടെ ഗണത്തിൽപ്പെടുന്ന ഒരു ഇൻഫ്ളുവൻസ വൈറസാണിത്. പന്നികളിലും മറ്റും വളരെ വേഗത്തിൽ പകരുന്ന ഈ വൈറസ് മനുഷ്യരിൽ ശ്വാസകോശരോഗങ്ങളുണ്ടാക്കുന്നു. വായുവിലൂടെ പകരുന്ന വൈറസാണിത്. പന്നിപ്പനി വൈറസ് ബാധയുള്ള ഒരു രോഗിയുടെ ശ്വാസകോശ സ്രവങ്ങളിൽക്കൂടിയാണ് ഇത് പകരുന്നത്. അസുഖബാധിതനായ ആളിൽനിന്നും രണ്ടുമുതൽ ഏഴുദിവസം വരെ ഇതു പകർന്നേക്കാം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ശ്വാസകോശത്തിൽനിന്നുള്ള സ്രവങ്ങൾ വായുവിലൂടെ മറ്റുള്ളവരിലേക്കു പകരുന്നു.

ലക്ഷണങ്ങൾ
സാധാരണ വൈറല്‍ പനിക്കു സമാനമാണ് എച്ച്1 എന്‍1 പനിയുടെ ലക്ഷണങ്ങള്‍. പനി, ശരീരവേദന, തൊണ്ടവേദന, ചുമ, ശ്വാസതടസം, അതിസാരം, ഛർദി, വിറയൽ, ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ആസ്മ, പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവരിൽ രോഗം കടുക്കാനും ഇടയുണ്ട്.

ചികിത്സാരീതികൾ
രോഗബാധ നിയന്ത്രിക്കുന്നതിനും മാരകമാകാതെ സൂക്ഷിക്കുന്നതിനും മതിയായ വിശ്രമം വേണം. പനിയും മറ്റും തടയുന്നതിനും വൈറസിനെതിരെയും മരുന്നുകൾ കഴിക്കുക. രോഗലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകുന്നവർക്ക് ആന്റിവൈറൽ മരുന്നുകൾ നൽകാം.

പ്രതിരോധ നടപടികൾ

  1. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടു വായും മൂക്കും മൂടുക.
  2. ജലദോഷപ്പനിയുണ്ടെങ്കിൽ വീട്ടിൽ വിശ്രമിക്കുക.
  3. പനിയുള്ളവര്‍ ജനത്തിരക്കുള്ള സ്ഥലങ്ങളില്‍ പോകാതിരിക്കുക.
  4. കൈകൾ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകുന്നത് ജലദോഷപ്പനിയും എച്ച്1 എൻ1 പനിയും തടയാൻ സഹായിക്കും.
  5. പോഷകാഹാരങ്ങൾ കഴിക്കുക, ചൂടുള്ള പാനീയങ്ങൾ കുടിക്കുക.
  6. ഗർഭിണികൾ, പ്രമേഹരോഗികൾ, മറ്റു ദീർഘകാല രോഗമുള്ളവർ, പ്രായാധിക്യമുള്ളവർ എന്നിവർ രോഗികളുമായുള്ള സമ്പർക്കം ഒഴിവാക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes