Latest News

സിനിമ ചിത്രീകരണത്തിനിടെ സ്റ്റണ്ട്മാന്റെ മരണം: സംവിധായകൻ പാ രഞ്ജിത്തടക്കം നാലുപേർക്കെതിരെ കേസ്

 സിനിമ ചിത്രീകരണത്തിനിടെ സ്റ്റണ്ട്മാന്റെ മരണം: സംവിധായകൻ പാ രഞ്ജിത്തടക്കം നാലുപേർക്കെതിരെ കേസ്

സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട്മാൻ മരിച്ച സംഭവത്തിൽ സംവിധായകൻ പാ രഞ്ജിത്തിനും മറ്റു മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തു. തമിഴ് സിനിമയിലെ പ്രശസ്തനായ സ്റ്റണ്ട് മാസ്റ്റര്‍ എസ്‌ എം രാജുവാണ് സിനിമാ ചിത്രീകരണത്തിനിടെ കാർ അപകടത്തിൽ മരിച്ചത്. അപകടത്തിന് പിന്നാലെ രാജുവിന് തലക്കുള്ളിൽ രക്തസ്രാവം ഉൾപ്പെടെ ഗുരുതരമായ ആന്തരിക പരിക്കുകൾ ഉണ്ടായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. എന്നാൽ ബാഹ്യ മുറിവുകളൊന്നും കാണാനായില്ല.

സംവിധായകൻ പാ രഞ്ജിത്ത്, സ്റ്റണ്ട് കൊറിയോഗ്രഫർ വിനോദ്, നിർമാതാക്കളായ നീലം പ്രൊഡക്ഷൻസിന്റെ ചുമതലയുള്ള രാജ്കമൽ, പ്രഭാകരൻ എന്നിവർക്കെതിരെയാണ് കേസ്. മെഡിക്കൽ സംഘത്തിന്റെ കണ്ടെത്തലുകളുടെയും ഷൂട്ടിങ് ലൊക്കേഷനിലെ ദൃക്‌സാക്ഷികളിൽ നിന്നുള്ള മൊഴികളുടെയും അടിസ്ഥാനത്തിൽ മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

പാ രഞ്ജിത്തും നടൻ ആര്യയും ഒന്നിക്കുന്ന പുതിയ സിനിമയായ വേട്ടുവത്തിന്റെ സെറ്റില്‍ കാർ സ്റ്റണ്ട് നടത്തുന്നതിനിടെയാണ് അപകടം. കാർ മറിയുന്ന രംഗത്തിനായി രാജു ഒരു എസ്‌യുവി ഓടിക്കുകയായിരുന്നു. റാമ്പിൽ കയറി മറിയുന്നതിനിടെ മുൻവശത്ത് ശക്തമായി ഇടിച്ചിറങ്ങിയാണ് അപകടം സംഭവിച്ചത്. സാരമായി തകർന്ന കാറിൽ നിന്ന് രാജുവിനെ പുറത്തെടുത്ത് ആംബുലൻസിലേക്ക് കൊണ്ടുപോകുന്ന വിഡിയോകൾ പ്രചരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes