Latest News

സുധാകരനും സതീശനും ജനങ്ങളുടെ മനസ്സ് അറിയാനായില്ല; മുൻ എംഎല്‍എ തേറമ്പില്‍ രാമകൃഷ്ണൻ

 സുധാകരനും സതീശനും ജനങ്ങളുടെ മനസ്സ് അറിയാനായില്ല; മുൻ എംഎല്‍എ തേറമ്പില്‍ രാമകൃഷ്ണൻ

ചേലക്കര ഉപതിരഞ്ഞെടുപ്പ് പരാജയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച്‌ മുൻ എംഎല്‍എ തേറമ്പില്‍ രാമകൃഷ്ണൻ. കെപിസിസി പ്രസിഡൻ്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ചേലക്കരയിലെ ജനങ്ങളുടെ മനസ്സ് അറിയാനായില്ലെന്നാണ് വിമർശനം.

എല്ലാവരെയും നിരാശപ്പെടുത്തുന്നതാണ് ചേലക്കരയിലെ തെരഞ്ഞെടുപ്പ് ഫലം. കോണ്‍ഗ്രസിനുള്ളിലെ കേന്ദ്രഭരണ പ്രദേശമായിരുന്നു തൃശ്ശൂർ. എന്നാല്‍ തൃശ്ശൂർ ജില്ലയിലെ കോണ്‍ഗ്രസ് നാഥനില്ല കളരിയായി മാറിയിട്ട് മാസങ്ങളായെന്ന് തേറമ്പില്‍ രാമകൃഷ്ണൻ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ വി. കെ. ശ്രീകണ്ഠനും പരിമിതികള്‍ ഉണ്ടായിരുന്നു, പ്രാദേശിക നേതൃത്വത്തിന്റെ ഇടപെടലുകള്‍ ഉണ്ടാകാതെ വന്നത് തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു.

ഓരോ തെരഞ്ഞെടുപ്പും ഓരോ പാഠമാണ്, തിരുത്തി മുന്നോട്ട് പോകണം. തോല്‍വിയെ കുറിച്ച്‌ എല്ലാവരും പരിശോധിക്കും എന്ന് പറയും. പിന്നീട് പരിശോധനകള്‍ തന്നെ നടപടികള്‍ ഉണ്ടാകില്ല. തൊലിപ്പുറത്ത് മരുന്ന് പുരട്ടിയിട്ട് കാര്യമില്ല, രോഗം എന്താണെന്ന് മനസ്സിലാക്കണം എന്നിട്ട് വേണം ചികിത്സിക്കാനെന്നും തേറമ്പില്‍ രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.

ചേലക്കരയില്‍ സ്ഥാനാർഥിയായി രമ്യ ഹരിദാസിനെ തെരഞ്ഞെടുത്തതില്‍ തെറ്റുപറ്റി എന്ന് സംസ്ഥാന തലത്തിലുള്ള നേതാക്കള്‍ക്കും വിമർശനമുണ്ട്. വാർഡ് മെമ്പറെ മത്സരിപ്പിച്ച്‌ ബിജെപി ഉണ്ടാക്കിയ നേട്ടം പോലും രമ്യക്ക് ഉണ്ടാക്കാനായില്ലെന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചേലക്കരയില്‍ നേടിയതിനേക്കാളും വോട്ടു കുറഞ്ഞുവെന്നും വിമർശനം ഉയർന്നിരുന്നു.

ചേലക്കരയില്‍ നിന്ന് തുടർച്ചയായ ഏഴാം തവണയാണ് എല്‍ഡിഎഫ് വിജയിക്കുന്നത്. എല്‍ഡിഎഫ്‌ സ്ഥാനാർഥി യു ആർ പ്രദീപ്‌ – 12,201 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫ്‌ സ്ഥാനാർഥി രമ്യ ഹരിദാസ് 52,626 വോട്ട്‌ നേടി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍, എൻഡിഎ സ്ഥാനാർഥി കെ ബാലകൃഷ്ണൻ 33,609 വോട്ട്‌ നേടി മൂന്നാം സ്ഥാനത്തെത്തി. ഏറെ കോളിളക്കം സൃഷ്ടിച്ച പി.വി. അൻവറിൻ്റെ ഡിഎംകെ സ്ഥാനാർഥി കോണ്‍ഗ്രസ്‌ വിമതൻ എൻ കെ സുധീറിന്‌ 3920 വോട്ട് നേടി.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes