Latest News

‘കട്ടൻ ചായയും പരിപ്പുവടയും’, വി.എസിൻ്റെ ടി.പിയുടെ വീട് സന്ദർശനവും ചർച്ചയാക്കി ടി.സിദ്ദിഖ്

 ‘കട്ടൻ ചായയും പരിപ്പുവടയും’, വി.എസിൻ്റെ ടി.പിയുടെ വീട് സന്ദർശനവും ചർച്ചയാക്കി ടി.സിദ്ദിഖ്

തിരുവനന്തപുരം: ഇപി ജയരാജന്‍ സിപിഐഎമ്മിലെ തിരുത്തല്‍ ശക്തിയാണെന്ന് ടി സിദ്ദിഖ് എംഎല്‍എ. പണ്ട് ടി പി ചന്ദ്രശേഖരന്‍ കൊലപാതകത്തില്‍ വി എസ് എടുത്ത നിലപാടാണ് ഇന്ന് ഇ പി ആവര്‍ത്തിക്കുന്നത്.

അന്ന് ടി പിയുടെ ഭാര്യ കെ.കെ രമയെ വി എസ് കണ്ടത് ആരും മറന്നിട്ടുണ്ടാകില്ല. പാര്‍ട്ടിക്കകത്തെ പുഴുക്കുത്തുകളെ കുറിച്ചാണ് ഇപി സംസാരിക്കുന്നത്. താത്ക്കാലിക രാഷ്ട്രീയ ലാഭത്തിനായി എടുക്കുന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധത പാര്‍ട്ടിക്കകത്തു നിന്ന് തന്നെ ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘തിരഞ്ഞെടുപ്പ് ദിവസം പാര്‍ട്ടിയുടെ പുഴുക്കുത്ത് സമീപനങ്ങള്‍ക്കെതിരെ മുമ്പും സമാന സംഭവം ഉണ്ടായിട്ടുണ്ട്. ടിപി ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്‌റെ ഭാര്യയെ അന്ന് കണ്ടത് ആരും മറന്നിട്ടില്ല. അന്ന് പാര്‍ട്ടി കൊലപാതകികള്‍ക്കൊപ്പമായിരുന്നു. വിഎസ് അന്ന് ഇരകള്‍ക്കൊപ്പമായിരുന്നു. ഇന്ന് ഇപി ജയരാജന്‍ പാര്‍ട്ടിയുടെ പുഴുക്കുത്തിനെതിരെ സംസാരിക്കുകയാണ്. പി സരിനെ സ്ഥാനാര്‍ത്ഥിയാക്കിയത് ശരിയല്ലെന്ന് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമാണ് പറയുന്നത്. ഇടതുപക്ഷത്തിന്റെ മനസ് എവിടെയാണെന്നാണ് ഇ പി പറഞ്ഞുവെക്കുന്നത്. താത്ക്കാലിക രാഷ്ട്രീയ ലാഭത്തിനായി എടുക്കുന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധത പാര്‍ട്ടിക്കകത്തു നിന്ന് തന്നെ ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ് ചെയ്യുന്നത്. പിണറായി വിജയനെയാണ് ഇ പി ചോദ്യം ചെയ്യുന്നത്. ഇത് തിരഞ്ഞെടുപ്പില്‍ ഗൗരവമായി ബാധിക്കും’, ടി സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു. 

‘കട്ടന്‍ചായയും പരിപ്പുവടയും’ എന്ന പേരില്‍ കഴിഞ്ഞ ദിവസമാണ് ഡിസി ബുക്സ് ഇ പി ജയരാജന്റെ ആത്മകഥയുടെതെന്ന പേരില്‍ കവര്‍ചിത്രം പുറത്ത് വിട്ടത്. പാര്‍ട്ടിക്കെതിരെയും രണ്ടാം പിണറായി സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനമാണ് പുസ്തകത്തിലുള്ളതെന്നാണ് പുറത്ത് വരുന്ന വിവരം.

രണ്ടാം പിണറായി സർക്കാർ ദുർബലമെന്ന വാദമാണ് ഇ പി ജയരാജന്‍ പുസ്തകത്തില്‍ ഉയര്‍ത്തിയിട്ടുള്ളത്. ഇത് കൂടാതെ പി സരിനെതിരെയും ജയരാജന്‍ ആത്മകഥയില്‍ പറയുന്നതായി പുറത്ത് വന്ന പിഡിഎഫില്‍ കാണാം. സ്ഥാനമാനങ്ങള്‍ പ്രതീക്ഷിച്ച്‌ വരുന്നവര്‍ വയ്യാവേലിയാണെന്നും പി വി അന്‍വര്‍ പോലും ഇത്തരം പ്രതീകമായിരുന്നുവെന്നും ഇ പി പറയുന്നു. അന്‍വറിന്റെ പിന്നില്‍ തീവ്രവാദ ശക്തികളാണെന്നും ഇ പി പറയുന്നുണ്ട്. 

എന്നാൽ തന്റെ ആത്മകഥയിലേത് എന്ന് പറഞ്ഞ് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. പുറത്ത് വരുന്നത് വ്യാജ വാര്‍ത്തകളാണെന്നും കവര്‍ ചിത്രം പോലും തയ്യാറാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. സരിനെക്കുറിച്ചോ പുറത്ത് വന്ന മറ്റ് കാര്യങ്ങളെക്കുറിച്ചോ എഴുതിയിട്ടില്ലെന്നും എഴുതാന്‍ ഉദ്ദേശിച്ചില്ലെന്നും ഇ പി പറയുന്നു.

‘തികച്ചും അടിസ്ഥാനരഹിതമായ വാര്‍ത്തയാണിത്. ആത്മകഥയെഴുതികൊണ്ടിരിക്കുകയാണ്. ഇപ്പോഴും അത് പൂര്‍ത്തിയായിട്ടില്ല. എഴുതിക്കഴിഞ്ഞ കാര്യങ്ങള്‍ ഒരാള്‍ക്കും ഇതുവരെ ഞാന്‍ കൈമാറിയിട്ടില്ല. പ്രസിദ്ധീകരിക്കട്ടെയെന്ന് ചോദിച്ച്‌ പ്രസാധകര്‍ വിളിച്ചിരുന്നു. അവസാനഭാഗം ഞങ്ങള്‍ എഴുതിയാല്‍ പോരെയെന്ന് ഡിസി ചോദിച്ചു. അത് പറ്റില്ലെന്നും ഞാന്‍ തന്നെ എഴുതുമെന്നും ഞാന്‍ പറഞ്ഞു. മാതൃഭൂമിയും ചോദിച്ചിട്ടുണ്ട്, ആര്‍ക്ക് നല്‍കുമെന്ന് ഞാന്‍ ആലോചിക്കാമെന്ന് പറഞ്ഞതാണ്. കവര്‍ ചിത്രവും തയ്യാറാക്കിയിട്ടില്ല. ഞാന്‍ എന്റെ രാഷ്ട്രീയ ചരിത്രമാണ് എഴുതിക്കൊണ്ടിരിക്കുന്നത്’, ഇ പി ജയരാജന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes