രാജ്യത്ത് ഏറ്റവുമധികം ശമ്പളം വാങ്ങുന്നവരിലൊരാളായി ടാറ്റ ചെയര്മാന്

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ശമ്പളം വാങ്ങുന്നവരില്‍ ഒരാളായി ടാറ്റാ സണ്‍സ് എക്സിക്യൂട്ടീവ് ചെയര്മാന് എന്‍. ചന്ദ്രശേഖരന്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ഈ സാമ്പത്തിക വര്‍ഷം അദ്ദേഹത്തിന്റെ ശമ്പളത്തില്‍ 15 ശതമാനം വര്‍ദ്ധനവുണ്ടായതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ടാറ്റാ സണ്‍സിന്റെ ലാഭത്തില്‍ കുറവുണ്ടായിട്ടും ചന്ദ്രശേഖരന്റെ ശമ്പളം കുത്തനെ ഉയര്‍ന്നു എന്നത് ശ്രദ്ധേയമാണ്. ഈ സാമ്പത്തിക വര്‍ഷം ചന്ദ്രശേഖരന് ആകെ 155.81 കോടി രൂപയാണ് പ്രതിഫലമായി നേടിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 135 കോടി രൂപയായിരുന്നു. അതായത്, ഒറ്റ വര്‍ഷം കൊണ്ട് അദ്ദേഹത്തിന്റെ വരുമാനത്തില്‍ 15 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഈ ഭീമമായ തുകയില്‍ 15.1 കോടി രൂപ ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമാണ്. ബാക്കി 140.7 കോടി രൂപ ലാഭത്തിന്റെ കമ്മീഷനായി ലഭിച്ചതാണ്.
ടാറ്റാ സണ്‍സിന്റെ ലാഭത്തില്‍ കാര്യമായ ഇടിവ് നേരിടുന്നതിനിടെയാണ് ഈ ശമ്പള വര്‍ദ്ധന . 2024 സാമ്പത്തിക വര്‍ഷത്തില്‍ 34,654 കോടി രൂപയായിരുന്ന ടാറ്റാ സണ്‍സിന്റെ ലാഭം. 2025ല്‍ ഇത് 26,232 കോടി രൂപയായി കുറഞ്ഞു. അതായത്, 24.3 ശതമാനത്തിന്റെ കുറവ്!
മറ്റ് ടാറ്റാ മേധാവികളുടെ വരുമാനം:
ടാറ്റാ സണ്‍സ് എക്സിക്യൂട്ടീവ് ഡയറക്ടറായ സൗരഭ് അഗ്രവാളിന്റെ ശമ്പളം 7.7 ശതമാനം വര്‍ദ്ധിച്ച് 32.7 കോടി രൂപയായി. ശമ്പളവും ലാഭവിഹിതവും ഇതില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ ഒക്ടോബറില്‍ രത്തന്‍ ടാറ്റയുടെ നിര്യാണത്തെ തുടര്‍ന്ന് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സില്‍ ചേര്‍ന്ന നോയല്‍ ടാറ്റയ്ക്ക് ലാഭവിഹിതമായി 1.42 കോടി രൂപ ലഭിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ വിരമിച്ച ബോര്‍ഡ് അംഗം ലിയോ പുരിക്ക് 3.13 കോടി രൂപയും, 2024 ഓഗസ്റ്റില്‍ വിരമിച്ച ഭാസ്കര്‍ ഭട്ടിന് 1.33 കോടി രൂപയും ലഭിച്ചു. എന്നാല്‍, ടാറ്റാ ട്രസ്റ്റ് പ്രതിനിധിയായ വേണു ശ്രീനിവാസന് തന്റെ നിയമനം മുതല്‍ കമ്മീഷന് വാങ്ങുന്നില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു