ടിസിഎസ് 12000 ജോലിക്കാരെ പിരിച്ചുവിടുന്നു; എഐ ഇംപാക്‌ട് ഇന്ത്യയിലും

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) കരുത്താര്‍ജിക്കുന്നതോടെ ഐടി രംഗത്ത് കനത്ത തൊഴില്‍ നഷ്‌ടമുണ്ടാകുമെന്ന ആശങ്ക ഇന്ത്യയിലും സജീവമാകുന്നു. രാജ്യത്തെ ഏറ്റവും വലിയ ഐടി സേവനദാതാക്കളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) 2026 സാമ്പത്തിക വര്‍ഷത്തോടെ രണ്ട് ശതമാനം ജോലിക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചതായാണ് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്‍റെ റിപ്പോര്‍ട്ട്. മിഡില്‍, സീനിയര്‍ മാനേജ്‌മെന്‍റ് തലത്തിലുള്ള 12,000-ത്തിലധികം തൊഴിലാളികളെയാണ് ടിസിഎസിന്‍റെ ഈ തീരുമാനം ബാധിക്കുക. അതേസമയം എഐ പുതിയ തൊഴില്‍ അവസരങ്ങള്‍ ഐടി രംഗത്ത് സൃഷ്‌ടിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
ഇന്ത്യയിലെ ഐടി ഭീമന്‍മാരായ ടിസിഎസിന് ആകെ ഏകദേശം 613,000 ജോലിക്കാരാണുള്ളത്. ഇതില്‍ 12,200 പേര്‍ക്ക് വരും നാളുകളില്‍ തൊഴില്‍ നഷ്‌ടമാകും. ടിസിഎസ് വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് എഐയെ വിന്യസിക്കുന്നതാണ് ഇതിന് കാരണം. ലാഭവിഹിതം നിലനിര്‍ത്തുന്നതിനും വിപണിയില്‍ മത്സരക്ഷമത തുടരുന്നതിനും കമ്പനിയുടെ ഈ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തലുകള്‍. ഐടി രംഗത്ത് വന്‍ കമ്പനികളെല്ലാം എഐയില്‍ വന്‍ നിക്ഷേപങ്ങള്‍ നടത്തുകയും ജോലിക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുകയും ചെയ്യുന്നത് ഇപ്പോള്‍ ആഗോള ട്രെന്‍ഡാണ്. അതേസമയം കമ്പനിയുടെ സേവനങ്ങള്‍ തടസപ്പെടാത്ത രീതിയിലായിരിക്കും ഈ തൊഴില്‍ പുഃനക്രമീകരണം നടപ്പിലാക്കുകയെന്ന് ടിസിഎസ് ഔദ്യോഗിക പ്രസ്‌താവനയില്‍ വ്യക്തമാക്കി. ഐടി രംഗത്ത് ഭാവി സുനിശ്ചിതമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ് കമ്പനി എന്നും പ്രസ്‌താവനയില്‍ ടിസിഎസ് അധികൃതര്‍ പറയുന്നു.
283 ബില്യണ്‍ ഡോളറിന്‍റെ വരുമാനമാണ് ഇന്ത്യന്‍ ഐടി രംഗം പ്രതിവര്‍ഷമുണ്ടാക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇവരിലെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളാണ് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ടിസിഎസിന്‍റെ ആസ്ഥാനം മുംബൈയാണ്. തൊഴില്‍ നഷ്‌ടമാകുന്നവര്‍ക്ക് ടിസിഎസ് നഷ്‌ടപരിഹാരവും മറ്റ് ആനുകൂല്യങ്ങളും നല്‍കുമെന്ന് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയുടെ വാര്‍ത്തയില്‍ പറയുന്നു. നോട്ടീസ് പീരീഡും ആനുകൂല്യങ്ങളും നല്‍കിയാവും തൊഴിലാളികളെ പിരിച്ചുവിടുക. ഇന്‍ഷൂറന്‍സ് കവറേജ് നീട്ടലും, കരിയര്‍ ട്രാന്‍സിഷന്‍ സഹായവും ടിസിഎസ് ഇവര്‍ക്ക് നല്‍കിയേക്കും. 600 ലാറ്ററൽ നിയമനങ്ങളുടെ ടിസിഎസ് വൈകിപ്പിച്ചതായി അടുത്തിടെ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പിരിച്ചുവിടല്‍ സ്ഥിരീകരണവും വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. വരുംകാല സാങ്കേതികവിദ്യകളില്‍ കൂടുതല്‍ നിക്ഷേപം നടത്താനും എഐയെ ആഭ്യന്തര, ഉപഭോക്തൃ പ്രവര്‍ത്തനങ്ങളില്‍ കൂടുതലായി ഉപയോഗിക്കാനുമാണ് ടിസിഎസിന്‍റെ തീരുമാനം.