മാടായി കോളേജിലെ നിയമന വിവാദത്തില്‍ കോൺഗ്രസില്‍ താല്‍ക്കാലിക വെടി നിര്‍ത്തല്‍
കണ്ണൂര്‍: മാടായി കോളേജിലെ നിയമന വിവാദത്തില്‍ കോൺഗ്രസില്‍ താല്‍ക്കാലിക വെടി നിര്‍ത്തല്‍. കെപിസിസി സമിതിയുടെ ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കിലും നേതാക്കള്‍ക്ക് പരസ്യ പ്രതികരണത്തിന് വിലക്കേര്‍പ്പെടുത്തി. പ്രശ്‌നപരിഹാരം നീളുമെന്നാണ് വിലയിരുത്തല്‍. കെപിസിസി സമിതി നേതൃത്വവുമായി ചര്‍ച്ച ചെയ്തതിനുശേഷം തീരുമാനം പ്രഖ്യാപിക്കും. എം കെ രാഘവന്‍ എം പിക്ക് എതിരായ പരസ്യ പ്രതിഷേധം ഒഴിവാക്കി.
നല്ല അന്തരീക്ഷം ഉണ്ടാക്കിയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. എംപിയുടെ കോലം കത്തിച്ചത് പ്രാകൃത നടപടിയാണ്. വീണ്ടും ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രശ്‌നം പരിഹരിച്ചോ എന്ന ചോദ്യത്തിന് എംകെ രാഘവന്‍ വിരുദ്ധ പക്ഷം ഉത്തരം നല്‍കിയില്ല. വിവാദ വിഷയം പരസ്യ ഏറ്റുമുട്ടലിലേക്ക് എത്തിയതോടെയാണ് പ്രശ്‌നം പരിഹരിക്കാന്‍ കെപിസിസി നിയോഗിച്ച മൂന്നംഗ സമിതി ഇന്ന് കണ്ണൂരില്‍ യോഗം ചേര്‍ന്നത്. ഇരു വിഭാഗങ്ങളുടെയും നിലപാട് യോഗത്തില്‍ കേട്ടു. പ്രശ്‌നം അതീവ ഗുരുതരമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. വിഷയം നീട്ടിക്കൊണ്ടുപാകാനാകില്ലെന്ന തിരിച്ചറിവിലാണ് ഇന്ന് യോഗം വിളിച്ചത്.
കണ്ണൂരില്‍ തനിക്കെതിരെ നടക്കുന്ന പ്രതിഷേധത്തില്‍ എഐസിസിയ്ക്കും എംകെ രാഘവന്‍ പരാതി നല്‍കിയിട്ടുണ്ട്. മാടായി കോളേജില്‍ എം കെ രാഘവന്‍ എംപിയുടെ ബന്ധു എം കെ ധനേഷ് ഉള്‍പ്പെടെ മൂന്ന് സിപിഐഎം പ്രവര്‍ത്തകരെ നിയമിക്കാന്‍ നീക്കം നടത്തി എന്ന ആരോപണമാണ് ഉയര്‍ന്നത്. ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രാഘവന്‍ എംപിയെ വഴിയില്‍ തടഞ്ഞ് പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കണ്ണൂര്‍ ഡിസിസി നടപടിയെടുത്തിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സസ്പെന്‍ഡ് ചെയ്യുകയാണ് ഡിസിസി ചെയ്തത്. ഇതില്‍ പ്രതിഷേധിച്ച് കുഞ്ഞിമംഗലം മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജിവെച്ചിരുന്നു.