നടി അനുശ്രീയുടെ കാർ മോഷ്ടിച്ച പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്
നടി അനുശ്രീയുടെ പിതാവിന്റെ കാർ മോഷണ കേസിൽ പിടിയിലായ പ്രതി പ്രബിനെ അന്വേഷണത്തിനായി കൊട്ടാരക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. ഇഞ്ചക്കാട്ടെ സെക്കൻഡ് ഹാൻഡ് കാർ ഷോറൂമിൽ നിന്നാണ് അനുശ്രീയുടെ പിതാവിന്റെ കാർ പ്രബിൻ മോഷ്ടിച്ചത്. വർക്‌ഷോപ്പിന് മുന്നിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിന്റെ നമ്പർ പ്ലേറ്റ് ഇളക്കിയെടുത്ത് മോഷ്ടിച്ച കാറിൽ ഘടിപ്പിച്ചു. തുടർന്ന് ഈ കാറിൽ കറങ്ങി നടന്ന് വെള്ളറടയിലെയും പത്തനംതിട്ട പെരിനാട്ടെയും റബർ ഷീറ്റ് കടകൾ കുത്തിത്തുറന്ന് 900 കിലോ ഷീറ്റും പണവും കവർന്നു.
മോഷ്ടിച്ച കാറിൽ യാത്ര നടത്തവെ പാലായ്ക്ക് സമീപം മറ്റൊരു വാഹനവുമായി കാർ കൂട്ടിയിടിച്ചു. ഇതോടെ കാർ വഴിയിൽ ഉപേക്ഷിച്ച് ബസിൽ തിരുവനന്തപുരത്തേക്ക് പോയി. തിരുവനന്തപുരത്ത്നിന്ന് ബൈക്കിൽ കോഴിക്കോട്ടേക്ക് പോകും വഴി കൊട്ടാരക്കരയിൽ വച്ച് പ്രതിയെ പൊലീസുകാർ പിടികൂടുകയായിരുന്നു. അന്വേഷണത്തിൽ പ്രതി ഉപേക്ഷിച്ച കാറും പൊലീസ് കണ്ടെത്തി. റിമാൻഡിലായ പ്രബിനെ കൊട്ടാരക്കര പൊലീസ് മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വാങ്ങിയത്.