മതപരമായ ഭിന്നിപ്പുണ്ടാകണം എന്ന ദുരുദ്ദേശത്തോടെയാണ് സിപിഐഎം പരസ്യം നൽകിയത്; വി ഡി സതീശൻ
പാലക്കാട്: മതപരമായ ഭിന്നിപ്പുണ്ടാകണം എന്ന ദുരുദ്ദേശത്തോടെയാണ് സിപിഐഎം പരസ്യം നൽകിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പരസ്യത്തിന് ഉത്തരവാദി എം ബി രാജേഷാണെന്നും സതീശന് ആരോപിച്ചു. വർഗീയ വിദ്വേഷം പരത്തുന്ന പരസ്യമാണെന്ന് സിപിഐ തന്നെ പറഞ്ഞു. സിപിഐക്ക് ഇതിൽ പങ്കില്ല. സിപിഐയും, ഇലക്ഷൻ കമ്മിറ്റിയും ഈ പരസ്യം അറിഞ്ഞിട്ടില്ല. എം ബി രാജേഷിനാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലയുള്ളത്. അദ്ദേഹത്തോട് ചോദിച്ചപ്പോൾ ചിലവ് കുറയ്ക്കാനാണ് 2 പത്രത്തിൽ പരസ്യം കൊടുത്തത് എന്നാണ് പറഞ്ഞത് അങ്ങനെയെങ്കിൽ ഒരു പ്രമുഖ പത്രത്തിൽ മുൻപത്തെ ദിവസം പരസ്യം കൊടുത്തത് നാല് പേജിലാണെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി.
വർഗീയ പരസ്യം കേരളത്തിന്റെ മതേതര മനസ്സിനെ മുറിവേൽപ്പിച്ചു. ഹീനമായ തരത്തിലുള്ള വർഗീയതയാണ് പ്രചരിപ്പിച്ചത്. പരസ്യം തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണ്. പാലക്കാട്ടെ വോട്ടർമാർ ഇതിന് തിരിച്ചടി നൽകും. ഇതിനെതിരെ പരാതി നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും നിയമപരമായി മുന്നോട്ട് പോകുമെന്നും വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.