ആത്മകഥാ വിവാദം; പാര്‍ട്ടി ഇ പിയുടെ നിലപാടിനൊപ്പമാണെന്ന് ടി പി രാമകൃഷ്ണന്‍
കോഴിക്കോട്: സിപിഐഎം നേതാവ് ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. വിഷയത്തില്‍ പാര്‍ട്ടി ഇ പിയുടെ നിലപാടിനൊപ്പമാണെന്ന് ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ഇ പി ആത്മകഥ എഴുതിത്തുടങ്ങിയിട്ടേയുള്ളൂ. അത് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല. വിവാദം അദ്ദേഹം നിഷേധിക്കുകയും ഡിജിപിക്ക് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. അത് സംബന്ധിച്ച് അന്വേഷണം നടക്കട്ടെ. പാര്‍ട്ടി അന്വേഷണം സംബന്ധിച്ച് മാധ്യമങ്ങളോട് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും ടി പി രാമകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പാലക്കാട് പി സരിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഒരു അഭിപ്രായവ്യത്യാസവുമില്ലെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. സരിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് മികച്ച സ്വീകാര്യതയാണ് പാലക്കാട് ലഭിച്ചത്. യു ഡി എഫിനെ പിന്തുണച്ച ഒരു വിഭാഗം സരിനെ പിന്തുണയ്ക്കുന്നുണ്ട്. സരിന്‍ അഭൂതപൂര്‍വ്വമായ നിലയില്‍ ജയിച്ചുകൂടാ എന്നില്ലെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ഇ പി ജയരാജന്‍ പാര്‍ട്ടി തീരുമാനത്തിന് വിധേയനാകാന്‍ ബാധ്യസ്ഥനാണെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. തങ്ങളെല്ലാം പാര്‍ട്ടി തീരുമാനത്തിന് വിധേയരാണ്. പാര്‍ട്ടി ഏകകണ്ഠമായി എടുത്ത തീരുമാനമാണ് സരിന്റെ സ്ഥാനാര്‍ത്ഥിത്വമെന്നും ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി. വ്യാജ വോട്ടുകള്‍ ചേര്‍ക്കപ്പെട്ടതില്‍ അന്വേഷണം വേണമെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധന നടത്തി വ്യക്തത വരുത്തണം. പി സരിന്റെ പേര് ചേര്‍ത്തത് സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ അതും പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് മത്സരം യുഡിഎഫും എല്‍ ഡി എഫും തമ്മിലാണെന്ന് കോണ്‍ഗ്രസ് ഉന്നത നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. രമേശ് ചെന്നിത്തലയുടെയും കെ മുരളീധരന്റെയും അഭിപ്രായം ഇതാണ്. പഴയകാലത്തില്‍ നിന്ന് വ്യത്യസ്തമായ അന്തരീക്ഷം വളര്‍ന്നു വന്നിട്ടുണ്ട്. മുന്‍ തിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷം മൂന്നാം സ്ഥാനത്തായിരുന്ന നില മാറിയെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.
ചൂരല്‍മല-മുണ്ടക്കൈ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ല എന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരുമെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. കേരളത്തിന്റ ന്യായമായ ആവശ്യങ്ങള്‍ നേടാനായി ആരുമായും സഹകരിച്ച് പ്രതിഷേധമുയര്‍ത്തും. ദുരന്തമുഖത്ത് രാഷ്ട്രീയം കളിക്കുകയാണ് കേന്ദ്രം. പ്രഖ്യാപനം അല്ലാതെ കേന്ദ്രം ഒരു സഹായവും ഇതുവരെ നല്‍കിയിട്ടില്ല. കേരളം വീണ്ടും പ്രതീക്ഷിക്കുകയാണ്. ഇപ്പോഴത്തെ നിലപാടില്‍ കേന്ദ്രത്തിന്റെ സമീപനമാണ് വ്യക്തമാക്കുന്നത്. കേരളത്തിന് അര്‍ഹമായത് നേടുന്നതിനുള്ള പോര്‍മുഖം കേന്ദ്ര നിലപാടിനെതിരായി തുറക്കുമെന്നും ടി പി രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.