Latest News

ആക്സിയം 4 സംഘത്തിന്റെ മടക്കം ജൂലൈ പതിനാലിന്

 ആക്സിയം 4 സംഘത്തിന്റെ മടക്കം ജൂലൈ പതിനാലിന്

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ശുഭാംശു ശുക്ലയടങ്ങിയ ആക്സിയം 4 സംഘത്തിന്റെ മടക്കം ജൂലൈ പതിനാലിന് ലക്ഷ്യമിടുന്നുവെന്ന് നാസ. നേരത്തെ പ്രഖ്യാപിച്ച ദൗത്യ കാലാവധി ഇന്നത്തോടെ അവസാനിച്ചിരുന്നു. ജൂലൈ പതിനാലിന് നാലംഗ സംഘവുമായി ക്രൂ ഡ്രാഗൺ ഗ്രേസ് അൺഡോക്ക് ചെയ്യും.

ജൂൺ 26നാണ് നാലംഗ ആക്സിയം 4 സംഘം ബഹിരാകാശ നിലയത്തിലെത്തിയത്. പതിനാല് ദിവസത്തെ ദൗത്യം ഇന്നത്തേക്ക് പൂർത്തിയായിരുന്നു. കാലാവസ്ഥയടക്കം എല്ലാ സാഹചര്യങ്ങളും പരിഗണിച്ചാണ് ജൂലൈ പതിനാലിന് ഡ്രാഗൺ ഗ്രേസ് പേടകത്തിന്റെ അൺഡോക്കിംഗ് നടത്താൻ തീരുമാനിച്ചത്. കൃത്യമായ സമയക്രമം വരും ദിവസങ്ങളിൽ നാസ അറിയിക്കും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള അടുത്ത മുഴുവൻ സമയ ദൗത്യമായ ക്രൂ 11 ൻ്റെ വിക്ഷേപണം ജൂലൈ 31ന് നടത്താനും തീരുമാനമായിട്ടുണ്ട്. ലക്ഷ്യമിട്ട അറുപത് പരീക്ഷണങ്ങളും കൃത്യമായി പൂർത്തിയാക്കാൻ ആക്സിയം 4 സംഘത്തിന് കഴിഞ്ഞിട്ടുണ്ട് . ഇത് വരെ 230ലധികം തവണയാണ് ആക്സിയം സംഘം ബഹിരാകാശനിലയത്തിലെ താമസത്തിനിടെ ഭൂമിയെ ചുറ്റിയത്.

ഇന്ത്യയിൽ നിന്ന് കൊണ്ടുപോയ വിത്തുകളുടെ പഠനത്തിലാണ് കഴിഞ്ഞ ദിവസം ശുഭാംശു കൂടുതൽ സമയം ചെലവഴിച്ചത്. സ്പ്രൗട്ട്സ് പരീക്ഷണത്തിന് ഭാഗമായി ബഹിരാകാശത്ത് മുളപൊട്ടിയ വിത്തുകളെ ശുഭാംശു ഫ്രീസറിലേക്ക് മാറ്റി. മറ്റൊരു പരീക്ഷണത്തിനായി കേരളത്തിൽ നിന്ന് കൊണ്ടുപോയ ആറ് വിത്തിനങ്ങളുടെ നിരീക്ഷണവും ചിത്രമെടുപ്പും ഇതിനൊപ്പം നടത്തുന്നുണ്ട്. മൈക്രോ ആൽഗെ വളർച്ചാ നിരീക്ഷണവും തുടരുകയാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഇത്രയും ദിവസത്തെ ദൗത്യത്തെക്കുറിച്ച് ആക്സിയം സ്പേസ് ചീഫ് സയൻ്റിസ്റ്റുമായി ശുഭാംശു സംസാരിക്കുകയും ചെയ്തു. മൂലകോശ ഗവേഷണം മുതൽ ചെടികളുടെ വള‌‌‌‍ർച്ച വരെ സംബന്ധിച്ച പഠനങ്ങള്‍ നടത്താനായെന്നും ഈ പരീക്ഷണങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവുമുണ്ടെന്നും ശുഭാംശു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes