Latest News

‘കാന്തപുരത്തിന്‍റെ ഇടപെടലുകളെ സുപ്രീംകോടതിയിൽ കേന്ദ്രം എതിർത്തില്ല’; യെമനിൽ പോകാൻ അനുവദിക്കുമെന്ന് പ്രതീക്ഷയെന്ന് അഭിഭാഷകൻ

 ‘കാന്തപുരത്തിന്‍റെ ഇടപെടലുകളെ സുപ്രീംകോടതിയിൽ കേന്ദ്രം എതിർത്തില്ല’; യെമനിൽ പോകാൻ അനുവദിക്കുമെന്ന് പ്രതീക്ഷയെന്ന് അഭിഭാഷകൻ

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി യുവതി നിമിഷ പ്രിയയുടെ മോചനത്തിനായി യെമനിലേക്ക് പോകാൻ കേന്ദ്രം അനുമതി നൽകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ. നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ ലീഗൽ അഡ്വൈസർ സുഭാഷ് ചന്ദ്രന്‍. സർക്കാരുമായി ചേർന്നുള്ള പ്രവർത്തനങ്ങൾക്കാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. സർക്കാരിന്‍റെ രണ്ടു പ്രതിനിധികളും സംഘത്തിൽ ഉണ്ടാവണമെന്ന് അറിയിച്ചിട്ടുണ്ട്. ഓഗസ്റ്റ് 14നാണ് ഇനി കേസ് പരിഗണിക്കുകയെന്നും സുഭാഷ് ചന്ദ്രൻ പറഞ്ഞു.

ആരുടെ പ്രവർത്തനങ്ങളാണ് ഫലം കാണുക എന്ന് സുപ്രീംകോടതിയിൽ പരാമര്‍ശമുണ്ടായിട്ടുണ്ട്. യാത്ര അനുമതിക്കായി നാല് പേർ അടങ്ങുന്ന പ്രതിനിധി സംഘത്തിന്‍റെ ലിസ്റ്റ് ഉടൻ തന്നെ കേന്ദ്ര സർക്കാരിന് സമർപ്പിക്കും. കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിനെ കുറിച്ച് സുപ്രീംകോടതിയിൽ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ഇടപെടലിനെ കുറിച്ച് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ എതിർത്തില്ലെന്നും സുഭാഷ് ചന്ദ്രൻ കൂട്ടിച്ചേര്‍ത്തു,

നിമിഷ പ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന സംഘടനയ്ക്ക് കേന്ദ്ര സർക്കാരിനെ സമീപിക്കാൻ സുപ്രീം കോടതി ഇന്നാണ് അനുമതി നൽകിയത്. വധശിക്ഷ താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനുള്ള ചർച്ചകൾക്കായി യെമനിലേക്ക് യാത്ര ചെയ്യാൻ അനുമതി തേടാനാണ് സുപ്രീം കോടതിയുടെ നിർദ്ദേശം. ‘സേവ് നിമിഷ പ്രിയ ഇന്‍റർനാഷണൽ ആക്ഷൻ കൗൺസിൽ’ എന്ന സംഘടനയാണ് ഈ ആവശ്യം ഉന്നയിച്ചത്. സംഘടനയിലെ ഏതാനും അംഗങ്ങൾക്കും കേരളത്തിലെ പ്രമുഖ സുന്നി നേതാവ് കാന്തപുരം എ പി അബൂബക്കർ മുസലിയാരുടെ പ്രതിനിധിക്കും യെമനിലേക്ക് പോകാൻ അനുമതിയാണ് സംഘടന തേടുന്നത്.

കാന്തപുരത്തിന്‍റെ ഇടപെടലുകളാണ് നിമിഷ പ്രിയയുടെ വധശിക്ഷ താൽക്കാലികമായി നിർത്തിവയ്ക്കാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ. ശരീഅത്ത് നിയമപ്രകാരമുള്ള ‘ദിയാധനം’ (blood money) സ്വീകരിച്ച് മാപ്പ് നൽകാൻ കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്‍ദു മഹ്ദിയുടെ കുടുംബത്തെ പ്രേരിപ്പിക്കുന്നതിനായി ചർച്ചകൾ തുടരാനാണ് ഇവർ ശ്രമിക്കുന്നത്. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ‘സേവ് നിമിഷ പ്രിയ ഇന്‍റർനാഷണൽ ആക്ഷൻ കൗൺസിൽ’ നൽകിയ റിട്ട് ഹർജി പരിഗണിച്ചത്.

ജൂലൈ 16-ന് നടക്കാനിരുന്ന വധശിക്ഷ മാറ്റിവച്ചതായി ഹർജിക്കാരന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ രജന്ത് ബസന്ത് ബെഞ്ചിനെ അറിയിച്ചു. കേന്ദ്രത്തിന്‍റെ അനുമതിയില്ലാതെ ഒരു ഇന്ത്യൻ പൗരനും യെമനിലേക്ക് പോകാൻ കഴിയില്ലെന്നും, അവിടെ യാത്രാവിലക്ക് നിലവിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒന്നാമത്തെ പടി കുടുംബം മാപ്പ് നൽകുക എന്നതാണ്. രണ്ടാമത്തെ ഘട്ടം ബ്ലഡ് മണിയാണ്. ആരെങ്കിലും കുടുംബവുമായി ചർച്ച നടത്തേണ്ടതുണ്ട്. യെമൻ എന്നത് ആർക്കും പോകാൻ പറ്റുന്ന രാജ്യമല്ല. സർക്കാർ ഇളവ് നൽകാത്ത പക്ഷം യാത്രാവിലക്ക് നിലവിലുണ്ടെന്നും അഭിഭാഷകന്‍ കോടതിയിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes