എല്ലാ കാര്യങ്ങളും എന്നെ അറിയിക്കേണ്ട ചുമതല മുഖ്യമന്ത്രിക്കുണ്ട്; ഗവര്‍ണര്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം വിവാദ പരമാര്‍ശത്തില്‍ രാഷ്ട്രപതിയെ വിവരങ്ങള്‍ അറിയിക്കുമെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എല്ലാ കാര്യങ്ങളും തന്നെ അറിയിക്കേണ്ട ചുമതല മുഖ്യമന്ത്രിക്കുണ്ടെന്നും എന്നാല്‍ ഇതുവരെ മുഖ്യമന്ത്രി വിശദീകരണം നല്‍കിയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് എന്തോ മറയ്ക്കാനുള്ളതുകൊണ്ടാണ് വിശദീകരണം നല്‍കാത്തത്.
സ്വര്‍ണ്ണക്കടത്ത് രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് വേണ്ടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് വീഡിയോ ദൃശ്യങ്ങളില്‍ ഉണ്ട്. നിഷേധിക്കുന്നത് കൊണ്ട് കാര്യമില്ല. തെളിവുകള്‍ ഉണ്ടായിട്ടും തന്നെ ഇരുട്ടില്‍ നിര്‍ത്തുകയാണെന്നും താന്‍ സംസ്ഥാനത്തിന്റെ ഭരണ തലവനാണെന്നും ദി ഹിന്ദു, ഇന്ത്യന്‍ എക്‌സ്പ്രസ് പത്രവാര്‍ത്ത ഉയര്‍ത്തി കാട്ടി ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഞാന്‍ എന്തിനാണ് രാജ്ഭവനില്‍ ഇരിക്കുന്നത്? എയര്‍പോര്‍ട്ടിന് പുറത്ത് സ്വര്‍ണം പിടിക്കേണ്ടത് കേരളാ പൊലീസാണ്. മുഖ്യമന്ത്രിയുടെ വിശ്വാസ്യത തകര്‍ന്നു. ഇനി ആര് മുഖ്യമന്ത്രിയെ വിശ്വസിക്കും? പി ആര്‍ ഉണ്ടെന്ന് ഹിന്ദു പറഞ്ഞിട്ടും മുഖ്യമന്ത്രി നിഷേധിക്കുകയാണ്. മുഖ്യമന്ത്രിയേയാണോ ഹിന്ദുവിനെയാണോ വിശ്വസിക്കേണ്ടത്? സ്വന്തം രാഷ്ട്രീയത്തില്‍ നിന്ന് പിരിഞ്ഞു പോകുന്നവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് മുഖ്യമന്ത്രിയെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
ഗവര്‍ണറുടെ കത്തിലെ ആക്ഷേപങ്ങള്‍ അനാവശ്യമെന്ന് നേരത്തേ മുഖ്യമന്ത്രി പറഞ്ഞിരുന്നു. അടിസ്ഥാനമില്ലാത്ത ആക്ഷേപത്തില്‍ പ്രതിഷേധമുണ്ടെന്നും മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നു. മലപ്പുറം വിവാദത്തില്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയതോടെയാണ് വീണ്ടും പോര്‍മുഖം തുറന്നത്.