Latest News

കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം; ജമാഅത്തെ ഇസ്‌ലാമി അമീര്‍

 കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം; ജമാഅത്തെ ഇസ്‌ലാമി അമീര്‍

തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണെന്ന് ജമാഅത്തെ ഇസ്‌ലാമി അമീര്‍ പി മുജീബ് റഹ്‌മാന്‍. മുഖ്യമന്ത്രിക്ക് സ്ഥലജല വിഭ്രമമാണ്. ജമാഅത്തെ ഇസ്‌ലാമിയുമായുള്ള ചര്‍ച്ചകളില്‍ മുഖ്യമന്ത്രി പങ്കെടുത്തിട്ടുണ്ട്. ഇത്തരം പരാമര്‍ശങ്ങളിലൂടെ മുഖ്യമന്ത്രി സ്വയം പരിഹാസ്യനാവുകയാണെന്നും അദ്ദേഹം പറഞ്ഞു.

ലഭ്യമായ ഡാറ്റ തന്നെ മുഖ്യമന്ത്രിയുടെ വിശ്വാസ്യതയെ റദ്ദ് ചെയ്യുന്നതാണ്. 2015 ലെ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിനെ പിന്തുണച്ചു. പരസ്പരം ചര്‍ച്ച ചെയ്താണ് പിന്തുണ നല്‍കിയത്. 2024 ല്‍ ദിണ്ടിഗല്‍, മധുര, സിക്കര്‍ എന്നിവിടങ്ങളില്‍ സിപിഐഎം സ്ഥാനാര്‍ഥികള്‍ ജയിച്ചത് ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണയോടെയാമെന്നും മുജീബ് റഹ്‌മാന്‍ പറഞ്ഞു. 2024ന് ശേഷമാണോ ജമാഅത്തെ ഇസ്‌ലാമി മതഭീകര സംഘടന ആയതെന്ന് മുഖ്യമന്ത്രി പറയണം. ന്യൂനപക്ഷം മറുപക്ഷത്തെക്ക് പോയതോടെയാണ് ഇപ്പോള്‍ ഭീകരവത്കരണം നടത്തുന്നത്.

സംഘപരിവാര്‍ അജണ്ട ഉയര്‍ത്തി സിപിഎഎം മുന്നോട്ട് പോകുന്നത് അപകടകരമായ കാര്യമാണ്. 2013 ല്‍ ആലപ്പുഴ ഗസ്റ്റ് ഹൗസിന്‍ അമിര്‍ ആരിഫ് അലി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. ഇരു വിഭാഗങ്ങളുമായി പല തിരഞ്ഞെടുപ്പുകളില്‍ ചര്‍ച്ച നടത്തി. ഇത്തവണ പാലക്കാട് യുഡിഎഫുമായി ചര്‍ച്ച നടത്തി. രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ പൊളിറ്റിക്കല്‍ സത്യസന്ധത പുലര്‍ത്തണം. വിയോജിക്കുന്ന ഘട്ടത്തിലാണ് ഭീകരവത്കരിക്കണം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

2019ഓടെ സിപിഐഎമ്മുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ ഉണ്ടായി. രാഷ്ട്രീയ നിലപാടിന് അനുസരിച്ചാണ് പിന്തുണ നല്‍കിയത്. പാലക്കാട്ടെ വിജയം മതേതര ശക്തികളുടെ വിജയമാണ്. ജമാഅത്തെ ഇസ്‌ലാമിയും വിജയത്തില്‍ കഴിയാവുന്ന സംഭാവന നല്‍കിയെന്നും അമീര്‍ വ്യക്തമാക്കി.

അതേസമയം ഇതിനെ പൂര്‍ണമായി തള്ളിയാണ് എല്‍ഡിഎഫ് രംഗത്തെത്തിയത്. വര്‍ഗീയ കക്ഷികളുടെ വോട്ട് നേടിയാണ് പാലക്കാട്ടെ വിജയമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പ്രതികരിച്ചിരുന്നു. 2009ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ എല്‍ഡിഎഫിന് ആയിരുന്നു. എന്നാല്‍ എല്‍ഡിഎഫുമായി ചര്‍ച്ച നടത്തിയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. പരസ്യ പിന്തുണ പ്രഖ്യാപിച്ചായിരുന്നു അന്ന് ജമാഅത്തെ ഇസ്‌ലാമി രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes