അയോധ്യ ക്ഷേത്രം തകർക്കലും ബംഗ്ലാദേശിലെ സംഘർഷവുമെല്ലാം ഒരേ ഡിഎൻഎ; യോഗി ആദിത്യനാഥ്
ലഖ്നൗ: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായി നടക്കുന്ന ആക്രമണങ്ങളെ അപലപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബംഗ്ലാദേശിൽ ഇസ്ലാമിക വാദികൾ ഹിന്ദുക്കളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്. അവരുടെ സ്വത്തുക്കൾ കവർന്നെടുക്കുന്നു. ജീവനുപോലും ഭീഷണി നേരിടുന്നു. രാജ്യം വിട്ട് പാലായനം ചെയ്യാൻ പോലും അവർക്ക് സാധിക്കാത്ത അവസ്ഥയാണ് ഉള്ളത് എന്നും യോഗി വ്യക്തമാക്കി.
500 വർഷങ്ങൾക്കു മുൻപ് അയോധ്യയിൽ സംഭവിച്ചതാണ് ഇപ്പോൾ ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും സംഭവിക്കുന്നത്. 500 വർഷങ്ങൾക്കു മുൻപ് ബാബറും സൈന്യവും ചേർന്ന് അയോധ്യയിലെ ഹിന്ദുക്കളോട് ചെയ്തത് ഇപ്പോൾ ബംഗ്ലാദേശ് സർക്കാരും ഇസ്ലാമിക വാദികളും ആവർത്തിക്കുന്നു. സംഭലിലും ഇതേ രീതികൾ നടപ്പിലാക്കാനാണ് ചിലർ ശ്രമിക്കുന്നത്. ഇവരുടെ എല്ലാവരുടെയും രീതികളും ഡിഎൻഎയും ഒരുപോലെയാണ് എന്നും യോഗി ആദിത്യനാഥ് വിമർശിച്ചു.
ആധ്യാത്മികമായും സാംസ്കാരികമായും ഒരു ആഗോള നഗരമെന്ന നിലയിൽ വീണ്ടും അയോധ്യ ഒരു പുതിയ ഐഡൻ്റിറ്റിയുമായി മുന്നേറുകയാണ്. ഈ വർഷം ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമഫലമായി അഞ്ഞൂറ് വർഷങ്ങൾക്ക് ശേഷം ശ്രീരാമനെ വീണ്ടും ക്ഷേത്രത്തിൽ കുടിയിരുത്താൻ കഴിഞ്ഞു. അന്തിമ വിജയം സത്യത്തിനൊപ്പം ആയിരിക്കും എന്നുള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അത് എന്നും യോഗി വ്യക്തമാക്കി.