ഹസ്തദാന വിവാദം; ഷാഫിയുടെ മറുപടിയിൽ സരിനെ പരിഹസിച്ച് വി ടി ബൽറാം
പാലക്കാട്: തിരഞ്ഞെടുപ്പ് ചൂട് കനക്കുന്നതിനിടെ സ്ഥാനാർത്ഥികൾ തമ്മിലുള്ള പിണക്കങ്ങളും തുടരുകയാണ്. ബിജെപി നേതാവിന്റെ മകളുടെ വിവാഹവേദിയിൽ വെച്ച് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി പി സരിന് ഷാഫി പറമ്പിലും യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലും കൈകൊടുക്കാതിരുന്നതാണ് പുതിയ വിഷയം. വിവാഹ വേദിയിൽ കണ്ടതോടെ സരിൻ ഇരുവരുമായും ഹസ്തദാനത്തിന് ശ്രമിച്ചു. എന്നാൽ ഷാഫിയും രാഹുലും ഇതിന് തയ്യാറായില്ല. ഇതോടെ കല്യാണവേദിയിലും പിണക്കം മാറാതെ നേതാക്കളെന്ന വാർത്തകളും വന്നു.
സംഭവത്തിന് പിന്നാലെ പി സരിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് വി ടി ബൽറാം. ഷാഫീ ഷാഫീ ഞാനിപ്പുറത്തുണ്ട് എന്ന് പറയുന്ന സരിനോട് ആ അപ്പുറത്ത് തന്നെ ഉണ്ടാകണം എന്നായിരുന്നു ഷാഫിയുടെ പ്രതികരണം. എജ്ജാതി ടൈമിംഗ് ആണ് മറുപടിക്കെന്നാണ് ബൽറാമിന്റെ കുറിപ്പ്.
കഴിഞ്ഞ ദിവസം പണി സിനിമയെ വിമർശിച്ചതിന് റിവ്യൂവർ ആദർശിനെ വിളിച്ച് സംവിധായകൻ ജോജു ജോർജ് നടത്തിയ സംഭാഷണത്തെയും ബൽറാം പരാമർശിക്കുന്നുണ്ട്. ജോജു-ആദർശ് സംഭാഷണത്തിന് ശേഷം ഇന്നത്തെ തഗ്ഗ് എന്നാണ് ഷാഫിയുടെ മറുപടിയെക്കുറിച്ച് ബൽറാം കുറിക്കുന്നത്.
ഏതായാലും സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നിരവധി പേരാണ് സരിനെയും ഷാഫിയേയും പരിഹസിച്ചും പിന്തുണച്ചും രംഗത്തെത്തിയിരിക്കുന്നത്. അപ്പുറത്ത് തന്നെ ഉണ്ടാവണം, അതായത് ഉത്തമാ തോറ്റാൽ ബിജെപിയിലേക്ക് പോകരുത്, സരിൻ ശശിയായി തുടങ്ങിയ കമന്റുകളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ബിജെപി നേതാവിന്റെ മകളുടെ കല്യാണത്തിന് പോകുന്ന കോൺഗ്രസ് നേതാവിന് സരിനോട് എന്തിനാണ് അയിത്തമെന്ന ചോദ്യവും ഉയരുന്നുണ്ട്.
പാലക്കാട് ഷാഫി പറമ്പിൽ അടക്കമുള്ള നേതാക്കളെ രൂക്ഷമായി വിമർശിച്ചായിരുന്നു പി സരിൻ സിപിഐഎമ്മിനൊപ്പം ചേർന്നത്. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെ യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു എതിർപ്പുമായി പി സരിൻ രംഗത്തെത്തിയത്.