ഗൃഹനാഥന്‍ മരിച്ചനിലയില്‍; സുഹൃത്തുക്കള്‍ പിടിയില്‍
ആലപ്പുഴ: അക്വേറിയത്തില്‍ ഗൃഹനാഥനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം. ആലപ്പുഴയിൽ സുഹൃത്തുക്കള്‍ പിടിയില്‍. തൊണ്ടന്‍കുളങ്ങര സ്വദേശി കിളിയാംപറമ്പ് വീട്ടില്‍ മുഹമ്മദ് കുഞ്ഞിന്റെ മകന്‍ കബീറാണ് (52) മരിച്ചത്. സംഭവത്തില്‍ കബീറിന്റെ സുഹൃത്തുക്കളായ അവലുക്കുന്ന് സ്വദേശി കുഞ്ഞുമോന്‍ (57) ആര്യാട് സൗത്ത് സ്വദേശി നവാസ് (52) എന്നിവര്‍ ആണ് പിടയിലായത്.
ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്. കബീര്‍ തനിച്ചായിരുന്നു താമസിച്ചിരുന്നത്. സംഭവ ദിവസം മൂവരും ചേര്‍ന്ന് മദ്യപിച്ചിരുന്നു. കബീറിന്റെ ബൈക്ക് വില്‍ക്കുന്നതിനായി കുഞ്ഞുമോനും നവാസും 2000 രൂപ അഡ്വാന്‍സ് വാങ്ങിയിരുന്നു. മദ്യപിക്കുന്നതിനിടെ ഇതേച്ചൊല്ലി മൂവരും തര്‍ക്കമുണ്ടായി. കബീറിനെ ഇരുവരും ചേര്‍ന്ന് പിടിച്ചുതള്ളി. അക്വേറിയത്തില്‍ തലയിടിച്ച് കബീര്‍ മരിച്ചു. തൊട്ടുപിന്നാലെ നവാസും കുഞ്ഞുമോനും സംഭവം പൊലീസില്‍ അറിയിച്ചു. എന്നാല്‍ കൊലപാതകമെന്ന കാര്യം ഇവര്‍ മറച്ചുവെച്ചു. അടിതെറ്റി വീണു എന്നാണ് പറഞ്ഞത്. കബീറിനെ ആശുപത്രിയില്‍ എത്തിക്കാന്‍ പൊലീസ് പറഞ്ഞു. കുഞ്ഞുമോനും നവാസും ചേര്‍ന്ന് കബീറിനെ പുറത്ത് എടുത്ത് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പൊലീസ് എത്തി പരിശോധിക്കുമ്പോള്‍ അക്വേറിയം പൊട്ടിയ നിലയിലായിരുന്നു. അതില്‍ രക്തക്കറ കണ്ടെത്തി. മുറിക്കുള്ളില്‍ ഭക്ഷണാവശിഷ്ടങ്ങളും ചോര പുരണ്ട നിലയിലായിരുന്നു. തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. വിശദമായ പരിശോധനയില്‍ കൊലപാതകമാണെന്ന് പൊലീസിന് വ്യക്തമായി. തുടര്‍ന്ന് നവാസിനേയും കുഞ്ഞുമോനെയും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. കബീറിനെ കൊലപ്പെടുത്തിയതാണെന്ന് പ്രതികള്‍ സമ്മതിച്ചു.