Latest News

റോഡ് കയ്യേറിയും, വഴി തടഞ്ഞുമുള്ള പാർട്ടി പരിപാടികൾക്കെതിരെ വീണ്ടും രൂക്ഷവിമർശനവുമായി ഹൈക്കോടതി

 റോഡ് കയ്യേറിയും, വഴി തടഞ്ഞുമുള്ള പാർട്ടി പരിപാടികൾക്കെതിരെ വീണ്ടും രൂക്ഷവിമർശനവുമായി ഹൈക്കോടതി

കൊച്ചി: റോഡ് കയ്യേറിയും, വഴി തടഞ്ഞുമുള്ള പാർട്ടി പരിപാടികൾക്കെതിരെ വീണ്ടും രൂക്ഷവിമർശനവുമായി ഹൈക്കോടതി. നിയമം ലംഘിച്ചവര്‍ പ്രത്യാഘാതം നേരിടണമെന്നും ഇത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തങ്ങൾക്കറിയാമെന്നും ഹൈക്കോടതി രൂക്ഷ വിമർശനമുന്നയിച്ചു.

മരട് സ്വദേശി നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ രൂക്ഷവിമർശനം. വഞ്ചിയൂരില്‍ സിപിഐഎം റോഡില്‍ സ്‌റ്റേജിന്റെ കാലുകള്‍ നാട്ടിയത് എങ്ങനെയെന്നും റോഡ് കുത്തിപ്പൊളിച്ചോ എന്നും കോടതി ചോദിച്ചു. റോഡ് കുത്തിപ്പൊളിച്ചുവെങ്കില്‍ കേസ് വേറെയാണ് എന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സെക്രട്ടറിയേറ്റിന് മുന്നില്‍ വഴി തടഞ്ഞാണ് സിപിഐ ജോയിന്റ് കൗണ്‍സിലിന്റെ സമരമെന്നും കോടതി കണ്ടെത്തി.

വഴിതടഞ്ഞുള്ള വഞ്ചിയൂർ സമരത്തിനെതിരെ കേസെടുത്തതായി ഹൈക്കോടതിയില്‍ ഡിജിപി വിശദീകരണം നൽകി. പരിപാടികള്‍ക്ക് അനുമതി നല്‍കരുതെന്ന് നേരത്തെ സര്‍ക്കുലര്‍ ഇറക്കിയിരുന്നുവെന്നും സംഭവം അറിഞ്ഞപ്പോള്‍ ഉടന്‍തന്നെ ഇടപെട്ട് പരിപാടിയുടെ സംഘാടകര്‍ക്കെതിരെ കേസെടുത്തുവെന്നും ഡിജിപി പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നിലെ ജോയിന്റ് കൗണ്‍സില്‍ പരിപാടിക്കെതിരെയും കേസെടുത്തതായി ഡിജിപി അറിയിച്ചു.

സെക്രട്ടറിയറ്റിന് മുന്നിലെ സിപിഐ പരിപാടിക്ക് സ്റ്റേജ് എങ്ങനെ കെട്ടിയെന്നും വഴി തടഞ്ഞാണ് സ്റ്റേജ് എന്നും കോടതി രൂക്ഷവിമർശനമുന്നയിച്ചു. ഇത്തരം പ്രവര്‍ത്തികള്‍ക്ക് ക്രിമിനല്‍ നിയമപ്രകാരം നടപടിയെടുക്കണമെന്നും നിയമം ലംഘിച്ചവര്‍ പ്രത്യാഘാതം നേരിടണമെന്നും ഹൈക്കോടതി പറഞ്ഞു. സംഘാടകരാണ് ഇതിന് പ്രധാന ഉത്തരവാദി എന്നും ഇതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തനിക്ക് അറിയാമെന്നും ഹൈക്കോടതി വിമർശിച്ചു.

കൊച്ചി നഗരസഭ ഓഫീസിന് മുന്നിലെ ഫുട്പാത്തുകളും സമരങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്നും ഹൈക്കോടതിയുടെ നിരീക്ഷിച്ചു. കൂടുതല്‍ നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താനായി ഭേദഗതി ചെയ്ത കോടതിയലക്ഷ്യ ഹര്‍ജി നല്‍കാന്‍ ഹര്‍ജിക്കാരന് ഹൈക്കോടതി അനുമതി നൽകി. ഹര്‍ജി ഹൈക്കോടതി മറ്റന്നാള്‍ 2 മണിക്ക് വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes