കോതമംഗലത്തെ ആറ് വയസുകാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം
കൊച്ചി: കോതമംഗലം നെല്ലിക്കുഴിയില്‍ ഉത്തര്‍പ്രദേശ് സ്വദേശിനിയായ ആറ് വയസുകാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. പെണ്‍കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് സൂചന. പെണ്‍കുട്ടിയുടെ പിതാവ് അജാസ് ഖാനെയും മാതാവിനേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
നെല്ലിക്കുഴി ഇരുമലപ്പടിക്ക് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു അജാസ് ഖാനും കുടുംബവും. ഇന്ന് രാവിലെയാണ് ആറ് വയസുകാരി മുസ്‌കാനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അജാസ് ഖാന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി വിശദമായി പരിശോധന നടത്തിയിരുന്നു. രാത്രി ഭക്ഷണം കഴിച്ച് കിടന്ന മകളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് അജാസ് ഖാൻ പൊലീസിനോട് പറഞ്ഞത്. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന സൂചന ലഭിച്ചിരിക്കുന്നത്.