Latest News

വ്യാജ വോട്ട് വിവാദത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും

പാലക്കാട്: പാലക്കാട് വ്യാജ വോട്ട് വിവാദത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും. ഡെപ്യൂട്ടി കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് പാലക്കാട് ജില്ലാ കളക്ടര്‍ക്കാണ് കൈമാറുക. പാലക്കാട് വ്യാപകമായി ചേര്‍ത്ത വ്യാജ വോട്ടുകളും ഇരട്ട വോട്ടുകളും സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ വിഷയത്തില്‍ കളക്ടര്‍ ഇടപെടുകയായിരുന്നു.

വ്യാജ വോട്ട് കണ്ടെത്തിയ ബൂത്തുകളിലും, ഓഫീസ് തലത്തിലും വിശദമായ അന്വേഷണം നടത്താനായിരുന്നു കളക്ടറുടെ നിർദ്ദേശം. ഇരട്ട വോട്ട് വിവാദത്തെ തുടര്‍ന്ന് എല്ലാ ബൂത്തുകളിലും പരിശോധന നടന്നിരുന്നു. തഹസില്‍ദാര്‍ക്കും റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കുമായിരുന്നു അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയത്. ഇരട്ട വോട്ട് തടയാന്‍ പ്രത്യേക പട്ടികയും തയ്യാറാക്കിയേക്കും. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഇന്നുണ്ടായേക്കും.

പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി മതിയായ രേഖകളില്ലാതെയും വ്യാജ വിവരങ്ങള്‍ ഉപയോഗിച്ചും കൂടുതല്‍ വോട്ടര്‍മാരെ ചേര്‍ത്തുവെന്നാണ് മാധ്യമങ്ങൾ പുറത്തുവിട്ട വിവരം. പലര്‍ക്കും രണ്ടിടത്ത് വോട്ടുള്ള അവസ്ഥയാണ്. പല വോട്ടര്‍മാരെയും പുതുതായി ചേര്‍ത്തത് കൃത്യമായ മേല്‍വിലാസത്തിലുമല്ല. മാത്രമല്ല ഓരോ ബൂത്തിലും നിരവധി ഇരട്ടവോട്ടുകളുണ്ടെന്ന വിവരവും പുറത്തുവന്നിരുന്നു.

ഉപതിരഞ്ഞെടുപ്പിന്റെ അവസാന ദിവസങ്ങളിലാണ് വ്യാജ വോട്ട് ചേര്‍ത്തതെന്ന വിവരങ്ങൾ പുറത്തു വരുന്നത്. പാലക്കാട് മണ്ഡലത്തില്‍ പുതുതായി വോട്ട് ചേര്‍ത്തിരിക്കുന്നവരില്‍ പലരും മറ്റിടങ്ങളില്‍ വോട്ടുള്ളവരാണ്. ഉദാഹരണത്തിന് മലമ്പുഴ മണ്ഡലത്തില്‍ വോട്ടുള്ള യുവതിക്ക് പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ വോട്ടുണ്ട്. ഇതിന്റെ രേഖകളടക്കം മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.

വോട്ട് മാറിയ കാര്യം പലരും അറിഞ്ഞിട്ടുമില്ല എന്നതാണ് വസ്തുത. എങ്ങനെ തങ്ങളുടെ വോട്ട് പാലക്കാട്ടേക്ക് മാറിയെന്ന് അറിയില്ലെന്നും പ്രദേശത്ത് നിരവധി പേര്‍ ഇതേ രീതിയില്‍ പരാതി ഉന്നയിച്ചിട്ടുണ്ടെന്നുമാണ് തിരുവാലത്തൂര്‍ സ്വദേശി രമേശ് പ്രതികരിച്ചത്. മാത്രമല്ല കേരളത്തിന് പുറത്ത് സ്ഥിരതാമസമാക്കിയവുടെ വോട്ടുകള്‍ പോലും പാലക്കാട് മണ്ഡലത്തില്‍ പുതുതായി ചേര്‍ത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes