രാജ്യത്ത് സംയുക്ത തൊഴിലാളി സംഘടനകൾ നടത്തുന്ന ദേശീയ പണിമുടക്ക് തുടരുന്നു

കേന്ദ്രസർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ- ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യത്ത് സംയുക്ത തൊഴിലാളി സംഘടനകൾ നടത്തുന്ന ദേശീയ പണിമുടക്ക് തുടരുന്നു. ചൊവ്വാഴ്ച അർധരാത്രി മുതൽ ആരംഭിച്ച പണിമുടക്ക് 24 മണിക്കൂർ വരെ തുടരും. പണിമുടക്കിൽ 25 കോടിയോളം തൊഴിലാളികൾ അണിചേരും. ബിഎംഎസ് ഒഴികെയുള്ള രാജ്യത്തെ 10 തൊഴിലാളി സംഘടനകൾ ചേർന്നാണ് ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എച്ച്എംഎസ്, എസ്ഇഡബ്ല്യൂഎ, എൽപിഎഫ്, യുടിയുസി എന്നിവ അടക്കമുള്ള തൊഴിലാളി സംഘടനകളുടെ സംയുക്ത സമരസമിതിയാണ് ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സംയുക്തകിസാൻ മോർച്ച, റൂറൽ വർക്കർ യൂണിയൻ, റെയിൽവെ, എൻഎംഡിസി ലിമിറ്റഡ്, സ്റ്റീൽ വ്യവസായം തുടങ്ങിയ പൊതുമേഖലയിലെ തൊഴിലാളികൾ തുടങ്ങിയവർ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
തൊഴിലാളികളുടെ അവകാശങ്ങളെ ഹനിക്കുന്ന പുതിയ തൊഴിൽച്ചട്ടങ്ങൾ റദ്ദാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. തൊഴിൽ– സാമൂഹ്യസുരക്ഷയും മെച്ചപ്പെട്ട വേതനവും ആനുകൂല്യങ്ങളും ഉറപ്പാക്കണമെന്ന ആവശ്യങ്ങൾ കേന്ദ്രസർക്കാർ അവഗണിച്ചതിനെ തുടർന്നാണ് തൊഴിലാളി സംഘടനകളുടെ സംയുക്ത സമരസമിതി പണിമുടക്കിലേക്ക് നീങ്ങിയത്.
തൊഴിലാളി സംഘടനകളെ ഇല്ലാതാക്കുകയും, ജോലി സമയം വർദ്ധിപ്പിക്കുകയും തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന തൊഴിലുടമകളെ പിഴകളിൽ നിന്ന് സംരക്ഷിക്കുകയും, തൊഴിലാളികളുടെ അവകാശങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്യുന്നതാണ് നാല് പുതിയ തൊഴിൽ നിയമങ്ങളെന്നാണ് ട്രേഡ് യൂണിയനുകൾ ചൂണ്ടിക്കാണിക്കുന്നത്. ഇതിന് പുറമെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം, ജോലികൾക്ക് പുറം കരാർ കൊടുക്കുന്നത്, കരാർ തൊഴിലാളികളെ നിയമിക്കുന്നത് അടക്കമുള്ള വിഷയങ്ങളും പണിമുടക്കുന്ന തൊഴിലാളി സംഘടനകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ നീക്കം തൊഴിൽ സുരക്ഷയ്ക്കും ന്യായമായ വേതനത്തിനും ഭീഷണിയാണെന്നാണ് തൊഴിലാളി സംഘടനകൾ പറയുന്നത്.
ഗതാഗതം, ഇൻഷുറൻസ്, റെയിൽവേ, തപാൽ, പ്രതിരോധം, ഖനി, നിർമാണം, ബാങ്കിങ്, വൈദ്യുതി, ഉരുക്ക്, ടെലികോം മേഖലകളിലെ തൊഴിലാളികൾ ദേശീയ പണിമുടക്കിൽ പങ്കെടുക്കും. വിവിധ സർക്കാർ ജീവനക്കാർ, ആശ വർക്കർമാർ, അങ്കണവാടി ജീവനക്കാർ, ഉച്ചഭക്ഷണ തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ, ഓട്ടോ–ടാക്‌സി ഡ്രൈവർമാർ, ബീഡി തൊഴിലാളികൾ എന്നിവരും പണിമുടക്കിൽ അണിചേരും.
Tag: The national strike called by the joint labor organizations in the country continues.