‘പുതിയ ടീം വികസിത കേരളത്തിന് ശക്തിപകരും, രാജിവ് ചന്ദ്രശേഖരന് കാഴ്ചപ്പാടും പ്രൊഫഷണലിസവുമുണ്ട്’; എസ്.സുരേഷ്

വികസിത കേരളത്തിലേക്ക് ശക്തിപകരുന്നതാണ് രാജിവ് ചന്ദ്രശേഖർ പ്രഖ്യാപിച്ച പുതിയ ടീം എന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് .കെ സുരേന്ദ്രന്റെ ടീമിലെ 60% ത്തോളം പേരെ ഉൾക്കൊള്ളിച്ചു. യുവാക്കൾക്കും വിവിധ വിഭാഗത്തിൽപ്പെട്ടവർക്കും പ്രാതിനിധ്യം നൽകി. പെർഫോമൻസ് മാത്രമാണ് ഭാരവാഹി പട്ടികയിൽ ഉൾപ്പെട്ടതിന്റെ മെറിറ്റെന്നും എസ് സുരേഷ് പറഞ്ഞു.
പാർട്ടിയിൽ ഗ്രൂപ്പ് ഉണ്ടെന്നത് മാധ്യമ സൃഷ്ടിയെന്നും എസ് സുരേഷ് പറഞ്ഞു. പാർട്ടി ചുമതലകൾ വരും പോകും. പാർട്ടിയിൽ അത്യന്തികമായി പ്രവർത്തകൻ ആയിരിക്കുക എന്നതാണ് മുഖ്യം. പാർട്ടി പ്രവർത്തകൻ എന്നതാണ് വലിയ ചുമതല. ബിജെപിയിൽ ഗ്രൂപ്പിസം ഇല്ല. ഇപ്പോ പാർട്ടിയിൽ കുറച്ചു കൂടി പ്രഫഷണലിസം ഉണ്ടായെന്നും എസ് സുരേഷ് പറഞ്ഞു. ടാർഗറ്റ് നിശ്ചയിച്ച്, ഒരു റോഡ് മാപ്പോടുകൂടി പോകുന്ന സിസ്റ്റത്തിലേക്ക് ബിജെപി മാറി. അത് വികസിത കേരളം എന്ന ലക്ഷ്യത്തിനായാണെന്ന് അദ്ദേഹം വ്യക്തമാക്കി.
രാജീവ് ചന്ദ്രശേഖർ സാധാരണ പ്രവർത്തകനായി ഇവിടെ വളർന്ന ആളല്ല. പാർട്ടിയുടെ ഉന്നതങ്ങളിൽ പ്രവർത്തിച്ച നേതാവാണ്. അദ്ദേഹത്തെ ഒരു നിയോഗമെന്ന നിലയിലാണ് ഇവിടേക്ക് നിശ്ചയിച്ചത്. ആ രാജീവ് ചന്ദ്രശേഖറിനെ ആർക്കും ഹൈജാക്ക് ചെയ്യാൻ സാധിക്കില്ല. രാജിവ് ചന്ദ്രശേഖരന് മെറിറ്റും കാഴ്ചപ്പാടും പ്രൊഫഷണലിസവും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. വികസിത കേരളമെന്ന മുദ്രാവാക്യം രാജീവ് ചന്ദ്രശേഖറിന്റെ സംഭാവനയാണ്.
തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരള രാഷ്ട്രീയം ബിജെപി കേന്ദ്രീകൃതമായി മാറും. പി സുധീറിനെയും സി കൃഷ്ണകുമാറിനെയും ഒഴിവാക്കിയിട്ടില്ല. പാർട്ടി പ്രവർത്തകൻ എന്നത് എക്കാലത്തെയും ശാശ്വതമായ ചുമതലയാണ്. ബാക്കി ഉത്തരവാദിത്തങ്ങൾ ഓരോ കാലഘട്ടത്തിലേക്ക് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.