പാലക്കാട്ടെ ജനം വിധിയെഴുതി; പ്രതീക്ഷയോടെ സ്ഥാനാർത്ഥികൾ
കേരളം ഉറ്റുനോക്കിയ പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചു. 70.51 ശതമാനമാണ് പോളിങ്. പാലക്കാട് നഗരസഭയിലാണ് ഏറ്റവും കൂടുതല്‍ പോളിങ്. കണ്ണാടി ഗ്രാമ പഞ്ചായത്തിലാണ് ഏറ്റവും കുറവ്. കഴിഞ്ഞ തവണ 74 ശതമാനമായിരുന്നു വോട്ടിങ് ശതമാനം. യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ 10 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.
പോളിംഗിൻ്റെ ആദ്യഘട്ടങ്ങളിൽ സമാധാനപരമായിരുന്നെങ്കിലും അവസാന മണിക്കൂറുകൾ സംഘർഷഭരിതമായിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥി ബൂത്തുകളിലെത്തിയത് ചോദ്യം ചെയ്ത് ബിജെപി, സിപിഎം പ്രവർത്തകർ രംഗത്തെത്തിയതോടെയാണ് സംഘർഷം ഉടലെടുത്തത്.
വെണ്ണക്കരയിലെ പോളിംഗ് ബൂത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ തടയാന്‍ ശ്രമമുണ്ടായത്. യുഡിഎഫ് സ്ഥാനാര്‍ത്തി ബൂത്തില്‍ കയറി വോട്ട് ചോദിച്ചെന്നാണ് എല്‍ഡിഎഫ്, ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചത്. ഇരുപാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞത്. പിന്നാലെ ഉണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പൊലീസ് ഇടപെട്ടു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്തേക്ക് കൂടുതല്‍ പൊലീസെത്തി. എല്‍ഡിഎഫ്, ബിജെപി പ്രവര്‍ത്തകര്‍ അനാവശ്യമായി സംഘര്‍ഷം ഉണ്ടാക്കുകയാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മറ്റ് സ്ഥാനാര്‍ത്ഥികളും എത്തുന്നുണ്ടല്ലോ എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിക്കുന്നത്.
ആദ്യ മണിക്കൂറിൽ ബൂത്തുകളിൽ ഉണ്ടായിരുന്ന നീണ്ട നിര ഉച്ചയോടെ കുറഞ്ഞെങ്കിലും വൈകീട്ടോടെ പോളിങ് മെച്ചപ്പെടുന്നതാണ് കണ്ടത്. അവസാന ലാപ്പിൽ പലയിടത്തും വോട്ടു ചെയ്യാനെത്തുന്നവരുടെ നീണ്ട നിര കാണാം. 2021നിയമസഭാ തെരഞ്ഞെടുപ്പിൽ 75 ശതമാനം പേരാണ് പാലക്കാട്ട് വോട്ട് രേഖപ്പെടുത്തിയത്. ശക്തമായ ത്രികോണ പോരാട്ടത്തിൽ മുന്നണികൾ നടത്തിയ നാടിളക്കി മറിച്ചുള്ള പ്രചാരണത്തിന്റെ ആവേശം രാവിലെ വോട്ടിംഗിൽ കാര്യമായി പ്രതിഫലിച്ചില്ല.