Latest News

ഇറാനിൽ നിന്ന് എണ്ണയോ പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളോ വാങ്ങിയാൽ നടപടിയെന്ന് യുഎസ്; ആറ് ഇന്ത്യൻ കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി അമേരിക്ക

 ഇറാനിൽ നിന്ന് എണ്ണയോ പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളോ വാങ്ങിയാൽ നടപടിയെന്ന് യുഎസ്; ആറ് ഇന്ത്യൻ കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി അമേരിക്ക

ആറ് ഇന്ത്യൻ കമ്പനികൾക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തി. ഇറാനിയൻ പെട്രോളിയം, പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളിൽ വ്യാപാരം നടത്തിയെന്ന് ആരോപിച്ചാണ് നടപടി. ആ​ഗോള തലത്തിൽ തന്നെയുള്ള 20 സ്ഥാപനങ്ങൾക്കെതിരായ നടപടിയുടെ ഭാഗമായാണ് ബുധനാഴ്ച യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഇന്ത്യൻ കമ്പനികളെയും നിരോധിച്ചത്. ഇറാനിൽ നിന്ന് എണ്ണയോ പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളോ വാങ്ങുന്ന ഏതൊരു രാജ്യമോ വ്യക്തിയോ യുഎസ് ഉപരോധങ്ങൾക്ക് വിധേയമാകുമെന്നും യുഎസുമായി വ്യാപാരം നടത്തുന്നതിൽ നിന്ന് വിലക്കപ്പെടുമെന്നും യുഎസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാനെതിരായ അമേരിക്കയുടെ ഉപരോധം ലംഘിക്കുന്നവർക്കെതിരെ നടത്തുന്ന തുടർച്ചയായ നടപടികളുടെ ഭാ​ഗമാണിത്.

മെഥനോൾ, പോളിയെത്തിലീൻ, ടോലുയിൻ, മറ്റ് പെട്രോകെമിക്കൽ ഡെറിവേറ്റീവുകൾ എന്നിവയിൽ ദശലക്ഷക്കണക്കിന് ഡോളറിന്റെ ഇടപാടുകളാണ് ഇന്ത്യൻ കമ്പനികൾ നടത്തുന്നത്. ഇന്ത്യൻ കമ്പനിയായ ആൽക്കെമിക്കൽ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, 2024 ജനുവരി മുതൽ ഡിസംബർ വരെ 84 മില്യൺ ഡോളറിലധികം ഇറാനിയൻ പെട്രോകെമിക്കൽസ് ഇറക്കുമതി ചെയ്തതായി ആരോപിക്കപ്പെടുന്നു. ഇങ്ങനെ യുഎസ് നിരോധിച്ച കമ്പനികളുടെ യുഎസിലെ എല്ലാ ആസ്തികളും മരവിപ്പിക്കുകയും യുഎസ് പൗരന്മാരുമായോ കമ്പനികളുമായോ ഉള്ള എല്ലാ ഇടപാടുകളും നിരോധിക്കുകയും ചെയ്യുമെന്നാണ് അമേരിക്ക മുന്നോട്ടുവെക്കുന്ന നയം. ഈ സ്ഥാപനങ്ങളിൽ 50 ശതമാനമോ അതിൽ കൂടുതലോ ഉടമസ്ഥാവകാശം ഉള്ള ഏതൊരു അനുബന്ധ സ്ഥാപനങ്ങൾക്കും ഉപരോധം ബാധകമാണ് എന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചിട്ടുണ്ട്.

നിരോധിക്കപ്പെട്ട കമ്പനികൾ

  1. ആൽക്കെമിക്കൽ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്: 84 മില്യൺ ഡോളറിന്റെ വ്യാപാരം നടത്തി (2024 ജനുവരി–ഡിസംബർ)
  2. ഗ്ലോബൽ ഇൻഡസ്ട്രിയൽ കെമിക്കൽസ് ലിമിറ്റഡ്: 51 മില്യൺ ഡോളറിന്റെ വ്യാപാരം നടത്തി (ജൂലൈ 2024–ജനുവരി 2025)
  3. ജൂപ്പിറ്റർ ഡൈ കെം പ്രൈവറ്റ് ലിമിറ്റഡ്: 49 മില്യൺ ഡോളറിന്റെ വ്യാപാരം നടത്തി (ജൂലൈ 2024–ജനുവരി 2025)
  4. രാംനിക്ലാൽ എസ് ഗോസാലിയ & കമ്പനി: 22 മില്യൺ ഡോളറിന്റെ വ്യാപാരം നടത്തി
  5. പെർസിസ്റ്റന്റ് പെട്രോകെം പ്രൈവറ്റ് ലിമിറ്റഡ്: 14 മില്യൺ ഡോളറിന്റെ വ്യാപാരം നടത്തി (2024 ഒക്ടോബർ–ഡിസംബർ )
  6. കാഞ്ചൻ പോളിമേഴ്സ്: 1.3 ദശലക്ഷം ഡോളറിന്റെ വ്യാപാരം നടത്തി

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes