ബസ് സ്റ്റാൻഡിൽ ചുറ്റിക്കറങ്ങിയത് ചോദ്യം ചെയ്ത വനിതാ എഎസ്ഐയെക്കൊണ്ട് മാപ്പു പറയിച്ചു
കൊയിലാണ്ടി ബസ് സ്റ്റാൻഡില്‍ വനിതാ എ.എസ്.ഐ.യെക്കൊണ്ട് യുവാക്കള്‍ പരസ്യമായി മാപ്പുപറയിപ്പിച്ച സംഭവം വിവാദത്തില്‍. ബസ് സ്റ്റാൻഡില്‍ ചുറ്റിത്തിരിഞ്ഞത് ചോദ്യം ചെയ്ത എ.എസ്.ഐ. ജമീലയെക്കൊണ്ടാണ് യുവാക്കള്‍ മാപ്പുപറയിപ്പിച്ചത്. വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. മൊബൈല്‍ഫോണില്‍ ആരോ പകർത്തിയ ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചു.
ബസ് സ്റ്റാൻഡില്‍ ലഹരിമാഫിയയുടെ അഴിഞ്ഞാട്ടം വ്യാപകമാണെന്ന് പരാതിയുള്ളതിനാല്‍ പോലീസ് സാന്നിധ്യം കർശനമാക്കിയിരുന്നു. വിദ്യാലയങ്ങള്‍ വിടുന്ന സമയത്ത് അനാവശ്യമായി സ്റ്റാൻഡില്‍ ചുറ്റിക്കറങ്ങുന്നവരെ പ്രത്യേകം നിരീക്ഷിക്കാനും പോലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച വൈകീട്ട് സ്റ്റാൻഡിന്റെ ഒന്നാംനിലയില്‍ നില്‍ക്കുകയായിരുന്ന രണ്ടു യുവാക്കളോട് അവിടെനിന്നു പോകാൻ വനിതാ എ.എസ്.ഐ. ജമീലയും സംഘവും ആവശ്യപ്പെട്ടു. നിന്നാല്‍ എന്തുചെയ്യുമെന്നു പറഞ്ഞ് ഈ യുവാക്കള്‍ എ.എസ്.ഐ.യോട് കയർത്തു.
നില്‍ക്കാൻ പറ്റില്ലെന്ന് പോലീസ് തീർത്തുപറഞ്ഞതോടെ യുവാക്കള്‍ പിന്മാറി. വീണ്ടും യുവാക്കള്‍ സ്റ്റാൻഡില്‍ അലഞ്ഞുതിരിയുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ വനിതാ പോലീസ് വീണ്ടുമെത്തി പോകാനാവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതരായ യുവാക്കള്‍ മറ്റൊരാളെയും കൂട്ടിവന്ന് പ്രകോപനപരമായി സംസാരിക്കുകയായിരുന്നു. വനിതാ എ.എസ്.ഐ. തങ്ങളെ അപമാനിച്ചുവെന്നാരോപിച്ചായിരുന്നു യുവാക്കളുടെ ബഹളം. തുടർന്നാണ് ഉദ്യോഗസ്ഥ മാപ്പുപറഞ്ഞത്. യുവാക്കളോട് ക്ഷമചോദിച്ചശേഷം ഇനിയാരോടെങ്കിലും മാപ്പുപറയേണ്ടതുണ്ടോയെന്ന് അവർ ചോദിക്കുന്നതും പ്രചരിക്കുന്ന ദൃശ്യത്തില്‍ കാണാം. തങ്ങള്‍ കഞ്ചാവ് വില്‍പ്പനക്കാരാണെന്നതരത്തില്‍ എ.എസ്.ഐ. സംസാരിച്ചതാണ് പ്രകോപനത്തിനു കാരണമായി യുവാക്കള്‍ പറയുന്നത്.
കൂടുതല്‍ പ്രശ്നങ്ങളിലേക്ക് പോകാതിരിക്കാനും യുവാക്കളുടെ ഭാവിയോർത്തും ഇവരോട് ക്ഷമാപണം നടത്തുകയായിരുന്നെന്ന് എ.എസ്.ഐ. ജമീല പറഞ്ഞു. കേസില്‍ കുടുക്കേണ്ടെന്നു കരുതിയാണ് കയർത്ത് സംസാരിച്ചതിനും ഡ്യൂട്ടിക്ക് തടസ്സംനിന്നതിനും പരാതിനല്‍കാതിരുന്നതെന്നും അവർ പറഞ്ഞു. വിഷയത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്. സ്റ്റാൻഡില്‍ ലഹരിവില്‍പ്പന മാഫിയക്കെതിരേ നടപടി സ്വീകരിക്കുമെന്ന് കൊയിലാണ്ടി ഇൻസ്പെക്ടർ ശ്രീലാല്‍ ചന്ദ്രശേഖരൻ പറഞ്ഞു.