വീട്ടമ്മയുടെ നഗ്നചിത്രം പകർത്തി പ്രചരിപ്പിച്ച യുവാവ് പിടിയിൽ
സാമൂഹിക മാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ച് നഗ്നചിത്രം പകർത്തി സുഹൃത്തുക്കള്‍ക്ക് കൈമാറിയെന്ന പരാതിയില്‍ യുവാവിനെ പൊലീസ് പിടികൂടി. തൃശൂർ കൊരട്ടി കക്കാട് നമ്പോല പറമ്പിൽ രഞ്ജിത് (34) ആണ് കുളത്തൂപ്പുഴ പൊലീസിന്‍റെ പിടിയിലായത്.
രണ്ടുവർഷത്തോളമായി കുളത്തൂപ്പുഴയിലെ സ്വകാര്യ ലോഡ്ജില്‍ താമസിച്ച് പ്രദേശത്ത് വെല്‍ഡിങ് ജോലികള്‍ ചെയ്തു വരികയായിരുന്നു വിവാഹിതനായ രഞ്ജിത്. സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് വീഡിയോകോള്‍ വഴി ചിത്രങ്ങളും ദൃശ്യങ്ങളും ശേഖരിച്ച് സുഹൃത്തുക്കള്‍ക്ക് കൈമാറിയതായാണ് വീട്ടമ്മയുടെ പരാതി. നടപടിക്രമം പൂർത്തിയാക്കി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.