മണ്ഡലം പ്രസിഡന്റുമാരെ യൂത്ത് നേതാവ് കൈയേറ്റം ചെയ്തു
ശാസ്താംകോട്ട: സംഘടനാപ്രശ്നം ചർച്ച ചെയ്യാൻ ഡിസിസി പ്രസിഡന്റ് വിളി ച്ചുചേർത്ത യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരെ യൂത്ത് കോൺഗ്രസ് നേതാവ് കൈയേറ്റം ചെയ്തു. ഭരണിക്കാവ് കോൺഗ്രസ് ഭവനിൽ തിങ്കളാ ഴ്ച ഡിസിസി പ്രസിഡന്റ് പി രാജേ ന്ദ്രപ്രസാദിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് കോൺഗ്രസ് ശൂരനാട് മണ്ഡലം പ്രസി ഡന്റ് ആർ നളിനാക്ഷൻ, ശൂരനാട് വടക്ക് മണ്ഡലം പ്രസിഡൻ്റ് പ്രസന്നൻ വില്ലാടൻ എന്നിവരെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അനുതാജ് ആണ് കൈയേറ്റം ചെയ്തത്. ഡിസിസി പ്രസിഡൻ്റിൻ്റെ സാന്നിധ്യത്തിൽ മണ്ഡലം പ്രസിഡന്റുമാർ കെപിസിസി നേതൃത്വത്തിന് പരാതി നൽകി.
മണ്ഡലം ഭാരവാഹികളായി യൂത്ത് കോൺഗ്രസ് നേതാവ് നിർദേശിച്ചവരെ ഉൾപ്പെടുത്താൻ കഴിയില്ലെന്നും അവർ പാർട്ടി വിരുദ്ധരാണെന്നും മണ്ഡലം പ്രസി ഡൻറുമാർ പറഞ്ഞതോടെയാണ് കൈയേറ്റം ഉണ്ടായത്. ആദ്യം ഉന്തുംതള്ളും ഉണ്ടാകുകയും പിന്നീട് നളിനാക്ഷനെ അടിക്കുകയുമായിരുന്നു. ഇതിനെല്ലാം മൂക സാക്ഷിയായി മാറിയ ഡിസിസി പ്രസിഡൻ്റ് യൂത്ത് കോൺഗ്രസ് നേതാവിനെ വിലക്കിയില്ല. മുൻ ബ്ലോക്ക് ജനറൽ സെക്രട്ടറി കെ പി റഷിദും യോഗത്തിൽ പങ്കെടുത്തിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് മണ്ഡലം പ്രസിഡൻ്റുമാർ കെപിസിസി നേതൃത്വത്തിന് പരാതി നൽകി.
യൂത്ത് കോൺഗ്രസ് നേതാവിന്റെ നടപടിക്കെതിരെ കുന്നത്തൂർ, ശാസ്താംകോട്ട ബ്ലോക്കുകളിലെ മുതിർന്ന നേതാക്കൾക്കിടയിലും പ്രതിഷേധം ഉയർന്നു. ഡിസിസി പ്രസിഡൻ്റ് ഒപ്പിട്ട മണ്ഡലം ഭാരവാഹികളുടെ ലിസ്റ്റ് രണ്ടാഴ്ച മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. ഇവരെ കൂടാതെ താൻ നിർദേശിച്ചവരെക്കൂടി ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് അനുതാജ് ഡിസിസി പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. ഇത് സാധ്യമല്ലെന്ന് മറ്റു നേതാക്കളും നിലപാടെടുത്തു.
ഈ പ്രശ്നം പരിഹരിക്കാനെന്ന പേരിലാണ് കഴിഞ്ഞ ദിവസം ഡിസിസി പ്രസിഡന്റ് നേരിട്ട് അനുരഞ്ജനയോഗം വിളിച്ചത്. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പിൻബലത്തിലാണ് യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി കാര്യങ്ങളിൽ ഇടപെടുന്നതെന്നും മറ്റു നേതാക്കൾ കുറ്റപ്പെടുത്തുന്നു. അതിനിടെ ശൂരനാട്, ശൂരനാട് വടക്ക് മണ്ഡലം കമ്മിറ്റി ഭാരവാഹിപ്പട്ടിക താൽക്കാലികമായി മരവിപ്പിച്ചുള്ള അറിയിപ്പ് ഡിസിസി പ്രസിഡന്റ് പി രാജേന്ദ്ര പ്രസാദ് കുന്നത്തൂർ ബ്ലോക്ക് പ്രസിഡൻ്റ് കാരക്കാട്ട് അനിലിന് നൽകി.