പാരിസ്ഥിതിക സന്തുലിതാവസ്ഥക്ക് ഭീഷണി, അധിനിവേശ മൈനകളെ തുരത്തുന്നു, 36000 മൈനകളെ പിടികൂടിയതായി അധികൃതർ

രാജ്യത്തെ പരിസ്ഥിതി സംതുലിതാവസ്ഥ തകർക്കുന്ന അധിനിവേശ മൈന പക്ഷികളെ പിടികൂടുന്നത് ഊര്‍ജിതമാക്കി ഖത്തര്‍ പരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയം. ഇതിനോടകം ഏകദേശം 36,000 മൈനകളെ പിടികൂടിയതായി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു. 2025 ജനുവരി മുതൽ ജൂൺ വരെ പിടികൂടിയ 9,416 പക്ഷികളും ഇതിൽ ഉൾപെടും. എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
രാജ്യത്തിന്‍റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്കും ജൈവവൈവിധ്യത്തിനും ഭീഷണി ഉയർത്തുന്ന അധിനിവേശ മൈന പക്ഷികളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനും നിയന്ത്രിക്കുന്നതിനും വന്യജീവികളെ പുനരധിവസിപ്പിക്കുന്നതിനുമുള്ള ദേശീയ പദ്ധതിയുടെ ഭാഗമായാണ് നടപടി.
2022 നവംബറിലാണ് പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന അധിനിവേശക്കാരായ മൈനകളെ പിടികൂടാന്‍ ഖത്തര്‍ പരിസ്ഥിതി മന്ത്രാലയം പദ്ധതി തയ്യാറാക്കിയത്. പാര്‍ക്കുകളിലും റോഡരികിലുമെല്ലാം കെണികള്‍ വെച്ചാണ് മൈനകളെ പിടികൂടുന്നത്. 35 ഇടങ്ങളിലായി 611 കൂടുകളാണ് പിടികൂടാൻ സ്ഥാപിച്ചിട്ടുള്ളത്. ഇവയെ പിന്നീട് വലിയ കൂടുകളിലേക്ക് മാറ്റും. മൈനകളുടെ വംശവര്‍ധന തടയാനാണ് ഈ ശാസ്ത്രീയ മാര്‍ഗം സ്വീകരിക്കുന്നത്. ലോകമെമ്പാടുമുള്ള പല രാജ്യങ്ങളും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് മൈന പക്ഷിയുടെ വ്യാപനം.