നവജാതശിശുക്കളുടെ കൊലപാതകം: പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

തൃശ്ശൂര്‍: പുതുക്കാട്ട് അവിവാഹിതരായ മാതാപിതാക്കള്‍ നവജാതശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ മാതാപിതാക്കളായ അനീഷയെയും ഭവിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും. കുഞ്ഞുങ്ങളെ കുഴിച്ചിട്ട സ്ഥലത്ത് ഫൊറെൻസിക് വിഭാഗം പരിശോധന നടത്തും. അനീഷയുടെയും ഭവിന്റെയും അറസ്റ്റ് രേഖപ്പെടുത്തി ഇന്നലെ തന്നെ തെളിവെടുപ്പും പൂർത്തിയാക്കിയിരുന്നു. രണ്ട് എഫ്ഐആറുകളാണ് ഇട്ടിരിക്കുന്നത്. ആദ്യത്തെ കൊലപാതകം 2021ലും രണ്ടാമത്തേത് 2024ലുമാണ് നടത്തിയത്. കേസിലെ ഒന്നാം പ്രതി അനീഷയും രണ്ടാം പ്രതിയാണ് ഭവിയുമാണ്.
കൊലപാതകത്തിനും ഗൂഢാലോചനയ്ക്കുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഭവിനും അനീഷയും തമ്മിലുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് സംഭവത്തെക്കുറിച്ച് പുറംലോകമറിഞ്ഞത്. ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് ഭവിന്‍ കുട്ടികളുടെ അസ്ഥികളുമായി തൃശ്ശൂര്‍ പുതുക്കാട് പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. കാമുകിയായ അനീഷ പ്രസവിച്ച കുഞ്ഞുങ്ങളെ കൊന്നുകുഴിച്ചുമൂടി എന്നാണ് ഇയാള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്. കര്‍മങ്ങള്‍ ചെയ്യാനായാണ് കുഞ്ഞുങ്ങളുടെ അസ്ഥികള്‍ സൂക്ഷിച്ചിരുന്നത് എന്നായിരുന്നു ഭവിന്റെ വെളിപ്പെടുത്തല്‍. അനീഷ ബന്ധത്തില്‍നിന്ന് പിന്മാറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. പിന്നാലെയാണ് ഭവിന്‍ പോലീസ് സ്‌റ്റേഷനിലെത്തി വെളിപ്പെടുത്തല്‍ നടത്തിയത്. അനീഷ ഭാവിയിൽ തന്നെ ഒഴിവാക്കിയാൽ കുട്ടികളുടെ അസ്ഥി കാണിച്ച് കുടുംബത്തെ ഭീഷണിപ്പെടുത്താമെന്നായിരുന്നു ഭവിൻ കരുതിയിരുന്നത്.