ഹൈക്കോടതി നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ തൃശൂര്‍ പൂരം നടത്താനാകില്ല; തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാര്‍
തൃശൂര്‍: ആനകളെ എഴുന്നള്ളിക്കുന്നത് സംബന്ധിച്ചുള്ള ഹൈക്കോടതി നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ തൃശൂര്‍ പൂരം നടത്താനാകില്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാര്‍. പുതിയ നിര്‍ദേശം എവിടെ ചെന്ന് അവസാനിക്കുമെന്നും ഇതിനെതിരെ തിരുവമ്പാടി ദേവസ്വം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു. നീക്കത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ചില എന്‍ജിഒകളാണെന്നും ഗിരീഷ് കുമാര്‍ ആരോപിച്ചു. ഇവര്‍ക്ക് വിദേശ ഫണ്ട് ലഭിക്കുന്നുണ്ട്. പൂരങ്ങളെയും എഴുന്നള്ളിപ്പുകളെയും ഇല്ലാതാക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
’36 മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന പൂരത്തില്‍ ഒരു വിഭാഗത്തിന് തന്നെ 200 ആനകള്‍ വേണ്ടി വരും. നിയന്ത്രണങ്ങള്‍ പാലിച്ചാല്‍ മഠത്തില്‍ വരവും തെക്കോട്ടിറക്കവും നടത്താന്‍ കഴിയില്ല. ഉത്സവങ്ങള്‍ ഇല്ലാതാക്കാന്‍ ഇറങ്ങിയ എന്‍ജിഒകളെ മാത്രം കേട്ട് തീരുമാനമെടുക്കരുത്. തീരുമാനം പുനഃപരിശോധിക്കണം’, കെ ഗിരീഷ് കുമാര്‍ ആവശ്യപ്പെട്ടു.
ആന എഴുന്നള്ളിപ്പിലെ ഹൈക്കോടതി നിർദേശം അപ്രായോഗികമെന്ന് പൂര പ്രേമി സംഘം കൺവീനർ വിനോദ് കണ്ടേൻകാവിൽ പ്രതികരിച്ചു. തൃശൂരിലെ പൂരത്തെ അട്ടിമറിക്കാനുള്ള വിദേശ ശക്തികൾ അടക്കമുള്ളവരുടെ നീക്കം ആണ് ഇതിന് പിന്നിൽ. സർക്കാർ അടിയന്തരമായി ഇടപെടണം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് മിനിറ്റുകൾ കൊണ്ട് പരിഹരിക്കാൻ പറ്റുന്ന വിഷയമാണിത്. ഇപ്പോഴത്തെ നിയന്ത്രണങ്ങൾ വന്നാൽ പൂരം എഴുന്നള്ളിപ്പ് നടക്കില്ല. കേരളത്തിലേക്ക് 200-ൽ അധികം ആനകളെ എത്രയും പെട്ടെന്ന് എത്തിക്കാനുള്ള നടപടിയും സ്വീകരിക്കണമെന്നും വിനോദ് കണ്ടേന്‍കോവില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ആന എഴുന്നള്ളിപ്പുകൾക്ക് പുതിയ മാർഗരേഖ പുറത്തിറക്കിയത്. പിടികൂടുന്ന ആനകളെ ഉപയോഗിക്കുമ്പോള്‍ ബന്ധപ്പെട്ട ജില്ലാ സമിതിയുടെ അനുമതി വാങ്ങണമെന്ന് ഹൈക്കോടതി പുറപ്പെടുവിച്ച മാര്‍ഗരേഖയില്‍ പറയുന്നു. ആന എഴുന്നള്ളിപ്പിന് ഒരു മാസം മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. രണ്ട് എഴുന്നള്ളിപ്പുകള്‍ക്കിടയില്‍ ആനകള്‍ക്ക് മതിയായ വിശ്രമം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. ജില്ലാ തല സമിതിക്കായിരിക്കും ഇതിന്റെ ചുമതലയെന്നും മാര്‍ഗരേഖയില്‍ പറയുന്നു.
എഴുന്നള്ളിപ്പില്‍ ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകലം പാലിക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. തീവെട്ടികളില്‍ നിന്ന് അഞ്ച് മീറ്റര്‍ ദൂരപരിധി ഉറപ്പാക്കണം. ദിവസം 30 കിലോമീറ്ററില്‍ കൂടുതല്‍ ആനകളെ നടത്തിക്കരുത്. രാത്രി 10 മുതല്‍ രാവിലെ 4 മണി വരെ ആനയെ യാത്ര ചെയ്യിക്കരുത്. തുടര്‍ച്ചയായി മൂന്ന് മണിക്കൂര്‍ പ്രദര്‍ശനം പാടില്ല. ജനങ്ങളും ആനയും തമ്മില്‍ എട്ട് മീറ്റര്‍ ദൂര പരിധി ഉറപ്പാക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.