കൊടകര കുഴൽപ്പണക്കേസിൽ ബിജെപി നേതൃത്വത്തെ വീണ്ടും വെട്ടിലാക്കി തിരൂർ സതീഷ്

തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബിജെപി നേതൃത്വത്തെ വീണ്ടും വെട്ടിലാക്കി തിരൂർ സതീഷ്. ഒന്നരക്കോടി രൂപ പാർട്ടി ഓഫീസിൽ സൂക്ഷിച്ചെന്നും ഈ പണം എന്തുചെയ്തെന്ന് വെളിപ്പെടുത്തണമെന്നും സതീഷ് ആവശ്യപ്പെട്ടു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ 9 കോടി രൂപ 6 ചാക്കുകളിലായി കൊണ്ടുവന്നു എന്നതായിരുന്നു തന്റെ മൊഴിയെന്നും തിരൂർ സതീഷ് വ്യക്തമാക്കി.
വെളിപ്പെടുത്തലിന്റെ അനുബന്ധ രേഖകൾ തൽക്കാലം പ്രദർശിപ്പിക്കുന്നില്ല. അത് പൊലീസ് അന്വേഷണത്തെ ബാധിക്കും. കള്ളപ്പണം തടയും എന്നു പറഞ്ഞ് അധികാരമേറ്റ നരേന്ദ്രമോദിയുടെ പാർട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസിലാണ് കള്ളപ്പണം സൂക്ഷിച്ചത്. പ്രധാനമന്ത്രി പറയുന്നതനുസരിച്ചാണെങ്കിൽ കള്ളപ്പണം സൂക്ഷിച്ച ജില്ലാ കമ്മിറ്റി പിരിച്ചു വിടേണ്ടതല്ലേയെന്നും സതീഷ് ചോദിച്ചു. താൻ കൊണ്ടുവന്ന ഒമ്പത് ചാക്കിൽ മൂന്ന് ചാക്ക് ജില്ലാ ട്രഷറർ മൂന്നുപേർക്ക് കൈമാറി.
എവിടേക്ക് കൊണ്ടുപോയി എന്ന കാര്യം തനിക്കറിയില്ല. ധർമ്മരാജൻ പണം എത്തിച്ച ദിവസം തന്നെയാണ് മൂന്നു ചാക്കുകൾ ഓഫീസിൽ നിന്ന് കൊണ്ടുപോയത്. തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം ഒന്നരക്കോടി രൂപ ഒരു ചാക്കിലും ബിഗ് ഷോപ്പറിലുമായി കൊണ്ടുപോയി. ഈ ഒന്നരക്കോടി ചാക്കിലും ബിഗ് ഷോപ്പറിലും ആയി കൊണ്ടുപോയത് എവിടേക്കാണ്?. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് കയ്യിൽ ഉണ്ടായിരുന്ന ഒന്നരക്കോടി ആരൊക്കെ ചേർന്നാണ് വീതം വച്ചത്? ഈ പണം ആരെല്ലാം ചേർന്ന് വീതം വെച്ചു എന്ന് പൊലീസ് അന്വേഷിക്കണമെന്നും തിരൂർ സതീഷ് ആവശ്യപ്പെട്ടു.
ബിജെപി മുൻ ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂർ സതീഷ് നടത്തിയ വെളിപ്പെടുത്തലിലൂടെയാണ് വീണ്ടും കൊടകര കള്ളപ്പണക്കേസ് ചർച്ചയായത്. കൊടകരയിൽ കുഴൽപ്പണമായി എത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു സതീഷ് വെളിപ്പെടുത്തിയത്.
ചാക്കുകെട്ടുകളിലായാണ് പണം എത്തിച്ചതെന്നും പണം കൊണ്ടുവന്നവർക്ക് മുറി എടുത്ത് നൽകിയത് താനാണെന്നും സതീഷ് വെളിപ്പെടുത്തിയിരുന്നു. ആരോപണത്തിന് തൊട്ടുപിന്നാലെ സതീഷിനെ തള്ളി ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനും ബിജെപി ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാറും രംഗത്തെത്തിയിരുന്നു.