ഇന്ന് ലോക പാമ്പ് ദിനം

ഇന്ന് ലോക പാമ്പ് ദിനം. എല്ലാ വര്‍ഷവും ജൂലായ് 16-ന് ലോക പാമ്പ് ദിനമായി ആചരിക്കുന്നു, പാമ്പുകള്‍ ഇന്നത്തെ ദിവസം ശ്രദ്ധാകേന്ദ്രമാകുന്നു. പൊതുവേ പാമ്പുകളെ എല്ലാവര്‍ക്കും ഭയമാണ്. പാമ്പുകളോടുള്ള മനുഷ്യരുടെ ഭയം മാറ്റാനാണ് ഈ വര്‍ഷത്തെ പാമ്പ് ദിനം കൊണ്ടുദ്ദേശിക്കുന്നത്.
പുരാതന പുരാണങ്ങളില്‍ മുതല്‍ ആധുനിക ശാസ്ത്രങ്ങളില്‍ വരെ പാമ്പുകള്‍ മനുഷ്യരെ ആകര്‍ഷിക്കുകയും ഭയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ലോക പാമ്പ് ദിനം പാമ്പുകളെ മനസ്സിലാക്കാനുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നു. അവ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം എന്താണെന്നും ഈ ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
പ്രകൃതിയെ സന്തുലിതമാക്കുന്നതില്‍ പാമ്പുകള്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. എന്നാല്‍ പാമ്പുകളുടെ നിലനില്‍പ്പ് എപ്പോഴും ഭീഷണി നേരിടുന്നു. പാമ്പുകളുടെ ആവാസവ്യവസ്ഥ നശിക്കുന്നതും വിദേശ വളര്‍ത്തുമൃഗ വ്യാപാരവും മനുഷ്യർ ഭയം കാരണം അവയെ കൊല്ലുന്നതും പാമ്പുകളുടെ നിലനില്‍പ്പിന് ഭീഷണിയാകുന്നു.
അതുകൊണ്ടുതന്നെ പാമ്പുകളുടെ സംരംക്ഷണത്തിന്റെ അര്‍ത്ഥം ഉള്‍കൊണ്ടുള്ളതാണ് ഈ വര്‍ഷത്തെ ലോക പാമ്പ് ദിനത്തിന്റെ പ്രമേയം. ഇതില്‍ ഇങ്ങനെ പറയുന്നു: “പാമ്പുകളെ ബഹുമാനിക്കുക, ഭയപ്പെടരുത്: പ്രകൃതിയുടെ നിശബ്ദ പാലകരെ സംരക്ഷിക്കുക”. പാമ്പുകളോടുള്ള അനുകമ്പയിലും അവയുടെ സംരക്ഷണത്തിനും പ്രാധാന്യം നല്‍കുന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.
ലോക പാമ്പ് ദിനത്തിന്റെ പ്രാധാന്യം
പാമ്പുകളെ കുറിച്ച് ഓര്‍മ്മിപ്പിക്കുന്നതിനും അറിയുന്നതിനുമായി മാറ്റിവെച്ചിരിക്കുന്ന ഒരു ആഗോള അവബോധ ദിനമാണ് ലോക പാമ്പ് ദിനം. അവയുടെ സൗന്ദര്യം, വൈവിധ്യം, പാരിസ്ഥിതിക മൂല്യം എന്നിവ ഉയര്‍ത്തിക്കാട്ടുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം. തെറ്റായ വിശ്വാസങ്ങളെ വെല്ലുവിളിക്കാനും പാമ്പുകളുടെ ആവാസവ്യവസ്ഥകള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടാനും വന്യജീവി സംഘടനകള്‍ ഈ ദിവസം ഉപയോഗപ്പെടുത്തുന്നു.
പാമ്പ് ദിന ആഘോഷങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ പരിപാടികളും ഡിജിറ്റല്‍ ക്യാമ്പെയിനുകളും സംഘടിപ്പിക്കുകയും പാമ്പുകളുടെ രക്ഷാപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കഥകള്‍ ആളുകളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. വ്യാജ വിനോദത്തിനായി പാമ്പുകളെ ഉപദ്രവിക്കുന്ന സോഷ്യല്‍ മീഡിയ വീഡിയോകളെ കുറിച്ചും പാമ്പ് സംരക്ഷകര്‍ ആശങ്ക പങ്കുവെക്കുന്നുണ്ട്. ഇത്തരം വീഡിയോകളില്‍ പലപ്പോഴും വൈറലാകുക എന്ന ഉദ്ദേശത്തോടെ പാമ്പുകളെ ക്രൂരമായി ഉപദ്രവിക്കുന്നത് കാണാം.
വിദേശത്തൊക്കെ പാമ്പുകളെ മറ്റ് വളര്‍ത്തുമൃഗങ്ങളെ പോലെ വീട്ടില്‍ വളര്‍ത്തുന്ന രീതിയുണ്ട്. ഇതിനെതിരെയും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മിക്ക പാമ്പുകള്‍ക്കും അവയുടെ ആവാസവ്യവസ്ഥയില്‍ നിന്നും മാറി തടവില്‍ അധികകാലം അതിജീവിക്കാന്‍ കഴിയില്ലെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
പാമ്പുകള്‍ക്ക് പൊതുനിരത്തുകളിലും വീടുകളിലും പ്രജനന കേന്ദ്രങ്ങളിലുമായി ജീവന്‍ നഷ്ടമാകുന്നത് ഒരു പൊതുകാഴ്ചയാണ്. വീട്ടില്‍ വളര്‍ത്തുന്ന 75 ശതമാനം പാമ്പുകളും ഏകദേശം ഒരു വര്‍ഷത്തിനുള്ളില്‍ മരിക്കുന്നു. ലാഭത്തിനായുള്ള ഇവയുടെ പ്രജനനം പാമ്പുകള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ജീവന്‍ തന്നെ നഷ്ടമാകാനും കാരണമാകുന്നു.
പാമ്പുകളെ എങ്ങനെ സംരക്ഷിക്കാം ?
പാമ്പുകളുടെ സംരക്ഷണത്തിന് മെച്ചപ്പെട്ട നിയമങ്ങളും പൊതു അവബോധം സൃഷ്ടിക്കുകയും വേണമെന്നാണ് വന്യജീവി സംഘടനകള്‍ ആവശ്യപ്പെടുന്നത്. പാമ്പുകള്‍ക്കെതിരെയുള്ള ക്രൂരമായ ഉള്ളടക്കങ്ങളെ കുറിച്ച് സോഷ്യല്‍ മീഡിയകളില്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ട് മൃഗസ്‌നേഹികള്‍ക്ക് സഹായിക്കാനാകും. പാമ്പുകളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനും ധാര്‍മ്മികമായി അവയെ പരിപാലിക്കുന്നതിനും വേണ്ടിയുള്ള ക്യാമ്പെയിനുകളെ പിന്തുണയ്ക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കണം.
പാമ്പുകളുടെ രക്ഷാപ്രവര്‍ത്തനത്തിന്റെ വൈറല്‍ വീഡിയോകളില്‍ ഉള്‍പ്പെടാതെ നിങ്ങള്‍ക്ക് പാമ്പ് സംരക്ഷണത്തിനായുള്ള ഉദ്യമത്തില്‍ പങ്കുചേരാനാകും. ശരിയായ വിവരങ്ങള്‍ പങ്കിടുന്നത് ഉരഗങ്ങളെ സംരക്ഷിക്കാന്‍ സഹായിക്കും. പാമ്പുകള്‍ വില്ലന്മാരല്ല മറിച്ച് അവ പ്രാണനുള്ള
കൗതുക ജീവിയാണെന്ന് മറ്റുള്ളവരെ പഠിപ്പിക്കാനുള്ള ദിവസം കൂടിയാണ് ലോക പാമ്പ് ദിനം.
പാമ്പുകളെ കുറിച്ചുള്ള കൗതുകകരമായ വസ്തുതകള്‍
ലോകത്ത് ഏതാണ്ട് 3,000 വിധത്തിലധികം പാമ്പുകള്‍ ഉണ്ട്. ഇതില്‍ ഏകദേശം 600 എണ്ണം വിഷമുള്ളവയാണ്.
ചുറ്റുപാടുകളില്‍ നിന്നുള്ള ഗന്ധം അറിയാന്‍ പാമ്പുകള്‍ നാവുകള്‍ ഉപയോഗിക്കുന്നു.
പാമ്പുകള്‍ വളര്‍ച്ചാ ഘട്ടത്തിലും ശരീരത്തിലെ പരാദങ്ങളെ നീക്കം ചെയ്യാനുമായി മാസത്തിലൊരിക്കല്‍ ചര്‍മ്മം പൊഴിക്കുന്നു.
പാമ്പുകളുടെ താടിയെല്ലുകള്‍ വളരെ അയഞ്ഞതരത്തിലുള്ളതാണ്. ഇത് അവയുടെ തലയേക്കാള്‍ 100 ശതമാനം വരെ വലിപ്പമുള്ള ഇരയെ ഭക്ഷിക്കാന്‍ സഹായിക്കുന്നു.
എന്നാല്‍ ആവാസവ്യവസ്ഥയില്‍ അല്ലാതെ വീട്ടിലോ മറ്റ് കേന്ദ്രങ്ങളിലോ കൂട്ടില്‍ കഴിയുന്ന പാമ്പുകളില്‍ 75 ശതമാനും ഒരു വര്‍ഷത്തിനുള്ളില്‍ മരണപ്പെടുന്നു. പ്രജനനം വൈകല്യങ്ങള്‍ക്ക് കാരണമാകുന്നു.
പാമ്പുകള്‍ക്ക് പകല്‍സമയത്ത് സൂര്യപ്രകാശം ആവശ്യമാണ്. തണുത്ത രക്തമുള്ള ജീവികളായതിനാല്‍ ശരീരത്തില്‍ ചൂട് നിലനിര്‍ത്താനും ശരിയായി പ്രവര്‍ത്തിക്കാനും ഇവയ്ക്ക് സൂര്യപ്രകാശം ആവശ്യമാണ്. ശരീര താപനില നിയന്ത്രിക്കാന്‍ അവ സൂര്യനെ ആശ്രയിക്കുന്നു.
പാമ്പുകളുടെ ഉറക്കം അവയുടെ വര്‍ഗ്ഗത്തെ ആശ്രയിച്ചിരിക്കുന്നു. ചില പാമ്പുകള്‍ രാത്രിയില്‍ സജീവമാകുകയും പകല്‍ ഉറങ്ങുകയും ചെയ്യും. ചിലത് രാത്രിയില്‍ വിശ്രമിച്ച് പകല്‍ സഞ്ചരിക്കുന്നു.
പാമ്പുകള്‍ക്ക് എത്ര ദൂരം സഞ്ചരിക്കാന്‍ കഴിയുമെന്നതും അവയുടെ വര്‍ഗ്ഗത്തെ ആശ്രയിച്ചാണ്. ഉദാഹരണത്തിന് കുറിയ വാലുള്ള പെരുമ്പാമ്പ് 50 ദിവസംകൊണ്ട് 200 മീറ്ററില്‍ കുറവ് ദൂരം മാത്രമേ സഞ്ചരിക്കുകയുള്ളൂ.
ചില പാമ്പുകള്‍ എല്ലാ ദിവസവും ഭക്ഷണം കഴിക്കും. എന്നാല്‍ ചിലത് വലിയ ഇരയെ ഭക്ഷിച്ചാല്‍ ആഴ്ചകളോ മാസങ്ങളോ ഭക്ഷണമില്ലാതെ കഴിയും.
പാമ്പുകള്‍ ഇഴഞ്ഞും വേട്ടയാടിയും അല്ലെങ്കില്‍ വിശ്രമിച്ചും സമയം ചെലവഴിക്കുന്നു. ചുറ്റുമുള്ള ലോകത്തെ മനസ്സിലാക്കാന്‍ അവ നാവുകള്‍ ഉപയോഗിക്കുന്നു, ശരീരം പരത്തുകയോ വാലുകള്‍ കുലുക്കുകയോ ചെയ്തുകൊണ്ട് ഭയത്തിന്റെയോ പ്രതിരോധത്തിന്റെയോ ലക്ഷണങ്ങള്‍ കാണിച്ചേക്കാം.
പാമ്പുകള്‍ ഗര്‍ജ്ജിക്കാറില്ല. പക്ഷേ അവ സംസാരിക്കുന്നുണ്ട്.