മുനമ്പം വിഷയം; എല്ലാവശവും വിശദമായി പരിശോധിച്ചുവെന്ന് മന്ത്രി പി രാജീവ്
തിരുവനന്തപുരം: മുനമ്പം വിഷയത്തില്‍ എല്ലാവശവും വിശദമായി പരിശോധിച്ചുവെന്ന് മന്ത്രി പി രാജീവ്. ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം ഉള്‍പ്പെടെ നാല് തീരുമാനങ്ങളാണ് സര്‍ക്കാര്‍ എടുത്തത്. മുനമ്പത്ത് താമസിക്കുന്ന ആരെയും ഒഴിപ്പിക്കാന്‍ പാടില്ല. നിയമപരമായ സംരക്ഷണം ഒരുക്കുമെന്നും അവകാശം സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.
തീരുമാനമാകുന്നതുവരെ ഒരു നോട്ടീസും അയക്കാന്‍ പാടില്ലെന്ന് വഖഫ് ബോര്‍ഡിനോട് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജുഡീഷ്യല്‍ കമ്മീഷന് മൂന്ന് മാസത്തെ സാവകാശമാണ് നല്‍കിയിരിക്കുന്നത്. അതിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. കമ്മീഷന് ആവശ്യമായ എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കും. പുതിയ നോട്ടീസുകള്‍ കൊടുക്കില്ല. കൊടുത്ത നോട്ടീസുകളില്‍ തുടര്‍നടപടികള്‍ ഉണ്ടാവില്ല. ഭൂമിയുടെ കൈവശാവകാളമുള്ള, അവിടെ താമസിക്കുന്ന എല്ലാവരെയും സംരക്ഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തിലാണ് മുനമ്പം വിഷയം പരിശോധിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചത്. ഭൂമിയുടെ രേഖകള്‍ കമ്മീഷന്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന് പുറമേ മുനമ്പത്ത് ആരെയും കുടിയൊഴിപ്പിക്കില്ലെന്ന നിലപാടും സര്‍ക്കാര്‍ ഭൂസംരക്ഷണ സമിതി പ്രതിനിധികളെ അറിയിച്ചു. വഖഫ് നോട്ടീസ് ലഭിച്ച ആളുകള്‍ക്ക് നിയമപരമായ സംരക്ഷണം ഉറപ്പുവരുത്തും. മൂന്ന് മാസത്തിനകം ജുഡീഷ്യല്‍ കമ്മീഷന്‍ വിഷയം വ്യക്തമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അതുവരെ താമസക്കാര്‍ക്ക് വഖഫ് നോട്ടീസുകള്‍ അയയ്ക്കരുതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ തീരുമാനം പുറത്തുവന്നതിന് തൊട്ടുപിന്നാലെ പ്രതിഷേധവുമായി ഭൂസംരക്ഷണ സമിതി രംഗത്തെത്തിയിരുന്നു. ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം അംഗീകരിക്കില്ലെന്നും മരണം വരെയും സമരം ചെയ്യുമെന്നുമാണ് പ്രതിഷേധക്കാര്‍ പ്രതികരിച്ചത്.