മാരുതി കൂട്ടുകെട്ടിൽ ടൊയോട്ടയുടെ പുതിയ എസ്‌യുവികൾ

ടൊയോട്ടയും മാരുതി സുസുക്കിയും തമ്മിൽ ഇന്ത്യയിൽ പങ്കാളിത്തമുണ്ട്. ബലേനോ (ടൊയോട്ട ഗ്ലാൻസ), ഫ്രോങ്ക്സ് (ടൈസർ ), ബ്രെസ (അർബൻ ക്രൂയിസർ), എർട്ടിഗ (റൂമിയോൺ ) എന്നിവ ഉൾപ്പെടെ മാരുതിയുടെ ജനപ്രിയ മോഡലുകളുടെ റീബാഡ്‍ജ് ചെയ്‍ത പതിപ്പുകൾ ജാപ്പനീസ് വാഹന നിർമ്മാതാക്കൾ വിൽക്കുന്നുണ്ട്. ഈ സാമ്പത്തിക വർഷാവസാനത്തോടെ ഈ സഹകരണത്തിൽ രണ്ട് പുതിയ മോഡലുകൾ കൂടി കൂട്ടിച്ചേർക്കപ്പെട്ടേക്കാം എന്നാണ് പുതിയ റിപ്പോർട്ടുകൾ. വരാനിരിക്കുന്ന മാരുതി എസ്‌കുഡോ ഹൈബ്രിഡ് , ഇ വിറ്റാര അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിക് മോഡലുകൾ ഉൾപ്പെടെ പുതിയ ടൊയോട്ട എസ്‌യുവികൾ പുറത്തിറക്കാൻ സാധ്യതയുണ്ട്. വരാനിരിക്കുന്ന ഈ രണ്ട് ടൊയോട്ട എസ്‌യുവികളെക്കുറിച്ചുള്ള ഒരു സംക്ഷിപ്‍ത വിവരണം ഇതാ.
എസ്ക്യൂഡോ അധിഷ്‍ഠിത ടൊയോട്ട എസ്‌യുവി
മാരുതി സുസുക്കിയെപ്പോലെ, ഹ്യുണ്ടായി ക്രെറ്റയുടെ ആധിപത്യത്തെ വെല്ലുവിളിക്കാൻ ടൊയോട്ട ഒരു മിഡ്‌സൈസ് എസ്‌യുവി കൂടി അവതരിപ്പിച്ചേക്കാം. ഈ പുതിയ ടൊയോട്ട എസ്‌യുവിയുടെ മൊത്തത്തിലുള്ള രൂപകൽപ്പനയും സ്റ്റൈലിംഗും ഹൈറൈഡറിന് സമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു. എങ്കിലും, ഇതിന് അൽപ്പം നീളവും ബൂട്ട് സ്‌പേസും ഉണ്ടായിരിക്കാം. മാരുതി എസ്ക്യൂഡോയിൽ ലെവൽ-2 ADAS സ്യൂട്ട്, ഡോൾബി അറ്റ്‌മോസ് ഇന്റഗ്രേഷൻ, 4 വീൽഡ്രൈവ്, ഒരു പവർഡ് ടെയിൽഗേറ്റ് എന്നിവ വാഗ്ദാനം ചെയ്യും. ഈ സവിശേഷതകളെല്ലാം പുതിയ ടൊയോട്ട മിഡ്‌സൈസ് എസ്‌യുവിയിലും തുടരാൻ സാധ്യതയുണ്ട്. പവർട്രെയിനിന്റെ കാര്യത്തിൽ, ടൊയോട്ടയുടെ എസ്ക്യൂഡോ അധിഷ്‍ഠിത എസ്‌യുവിയിൽ 103 ബിഎച്ച്പി, 1.5 ലിറ്റർ കെ 15 സി പെട്രോൾ മൈൽഡ്-ഹൈബ്രിഡ്, 115 ബിഎച്ച്പി, 1.5 ലിറ്റർ ആറ്റ്കിൻസൺ സൈക്കിൾ പെട്രോൾ ഹൈബ്രിഡ് പവർട്രെയിനുകൾ ഉണ്ടാകും.
ടൊയോട്ട അർബൻ ക്രൂയിസർ ഇവി
2025 ലെ ഭാരത് മൊബിലിറ്റി ഷോയിൽ പ്രദർശിപ്പിച്ച ടൊയോട്ട അർബൻ ക്രൂയിസർ ഇവി , 2025 അവസാനത്തോടെ വിൽപ്പനയ്‌ക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്ന മാരുതി ഇ വിറ്റാരയെ അടിസ്ഥാനമാക്കിയുള്ള മോഡൽ ആയിരിക്കും. 49kWh, 61kWh എന്നീ രണ്ട് ബാറ്ററി ഓപ്ഷനുകളോടെയാണ് ഇവി വാഗ്ദാനം ചെയ്യുന്നത്. ഇത് യഥാക്രമം 144bhp, 174bhp (FWD), 184bhp (AWD) എന്നീ പവർ നൽകുന്നു. ഇതിന്റെ ഔദ്യോഗിക റേഞ്ച് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും, പുതിയ ടൊയോട്ട ഇലക്ട്രിക് എസ്‌യുവി ഒറ്റ ചാർജിൽ 500 കിലോമീറ്ററിലധികം ഇലക്ട്രിക് റേഞ്ച് നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ക്യാബിൻ ലേഔട്ടും സവിശേഷതകളും മാരുതി ഇ വിറ്റാരയ്ക്ക് സമാനമായിരിക്കും, എന്നാൽ ടൊയോട്ട അർബൻ ക്രൂയിസർ ഇവിയിൽ ടൊയോട്ടയുടെ ചില സിഗ്നേച്ചർ ഡിസൈൻ ഘടകങ്ങൾ ഉണ്ടായിരിക്കും. ഇവിയുടെ പിൻ സീറ്റിൽ 40:20:40 സ്ലൈഡിംഗ്, റീക്ലൈനിംഗ് അനുപാതവും 40:20:40 സ്പ്ലിറ്റ്-ഫോൾഡിംഗ് കോൺഫിഗറേഷനും ഉണ്ടായിരിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു.