ട്രെയിൻ ടിക്കറ്റ് നിരക്കിൽ വർധനവ്; ഇന്ന് മുതൽ നിരക്കുവർദ്ധന പ്രാബല്യത്തിൽ

രാജ്യത്ത് ഇന്ന് മുതൽ ട്രെയിൻ ടിക്കറ്റ് നിരക്കുവർദ്ധന പ്രാബല്യത്തിൽ വരുമെന്നറിയിച്ച് ഇന്ത്യൻ റെയിൽവേ. രാജ്യത്ത് അഞ്ച് വർഷത്തിന് ശേഷമാണ് ട്രെയിൻ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുന്നത്. പരമാവധി രണ്ട് പൈസയായിരിക്കും നിരക്കുവർദ്ധന. എസി കോച്ചുകൾക്ക് കീലോമീറ്ററിൽ രണ്ട് പൈസയും നോൺ എസി കോച്ചുകൾക്ക് കിലോമീറ്ററിന് ഒരു പൈസയും വർദ്ധിക്കും. നിരക്ക് വർദ്ധന സംബന്ധിച്ച പട്ടിക റെയിൽവേ ബോർഡ് പുറത്തിറക്കി. അതേസമയം, ഓര്‍ഡിനറി നോണ്‍ എസി ടിക്കറ്റുകള്‍ക്ക് 500 കിലോമീറ്റര്‍ വരെ നിരക്ക് വര്‍ധനയില്ല.
പുതിയ റെയിൽവേ നിരക്ക് വർദ്ധന ബാധകമാകുന്നത് വന്ദേ ഭാരത്, തേജസ്, രാജധാനി, ശതാബ്ദി, ഹംസഫർ, അമൃത് ഭാരത് അടക്കം വിവിധ ട്രെയിനുകൾക്കാണ്. സബർബൻ ട്രെയിനുകളിലും സീസൺ ടിക്കറ്റ് ഉടമകളിലും നിരക്കുകളിൽ മാറ്റമുണ്ടാകില്ല.
500 കിലോമീറ്ററിൽ കൂടുതലുള്ള സെക്കൻഡ് ക്ലാസ് യാത്രകൾക്ക് കിലോമീറ്ററിന് 0.5 പൈസ വർധിക്കും. നിരക്ക് നിർണയം എളുപ്പമാക്കാനും യാത്രക്കാർക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്താനുമാണ് ഇപ്പോഴത്തെ നിരക്ക് വർധനയെന്നാണ് റെയിൽവേ മന്ത്രാലയത്തിൻ്റെ വിശദീകരണം.
പുതിയ നിരക്ക് അനുസരിച്ചുള്ള മാറ്റങ്ങൾ?
നോൺ എസി ക്ലാസ്
500 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് ടിക്കറ്റ് നിരക്കിൽ മാറ്റമില്ല.
501 മുതൽ 1500 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് അഞ്ച് രൂപ വർധിക്കും.
1501 മുതൽ 2500 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് 10 രൂപ വർധിക്കും.
2501 മുതൽ 3000 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് 15 രൂപ വർധിക്കും.
സ്ലീപ്പർ ക്ലാസിനും ഫസ്റ്റ് ക്ലാസിനും5 പൈസ വീതം വർധിക്കും. മെയിൽ/എക്സ്പ്രസ് ട്രെയിനുകളിൽ സെക്കൻഡ് ക്ലാസ്, സ്ലീപ്പർ ക്ലാസ്, ഫസ്റ്റ് ക്ലാസ്
എന്നിവയ്ക്ക് 1 പൈസ വർദ്ധിക്കും. മെയിൽ/എക്സ്പ്രസ് ട്രെയിനുകൾ എസി ക്ലാസുകളിൽ, എസി ചെയർ കാർ, 3എസി, 2എസി, ഫസ്റ്റ് എസി, എക്സിക്യൂട്ടീവ് എന്നിവയ്ക്ക് 2 പൈസ വീതം വർദ്ധിക്കും.
2025 ജൂലൈ 1 മുതൽ, ഈ തീയതിയിലോ അതിനുശേഷമോ ബുക്ക് ചെയ്യുന്ന എല്ലാ ടിക്കറ്റുകൾക്കും പുതുക്കിയ നിരക്കുകൾ ബാധകമാകും.
ജൂലൈ ഒന്നിന് മുമ്പ് ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് പഴയ നിരക്കുകൾ തന്നെ തുടരുമെന്നാണ് ഇന്ത്യൻ റെയിവേ അറിയിച്ചിരിക്കുന്നത്.
Tag: Train ticket prices increase; Price hike effective from today