ഒബാമയെ അറസ്റ്റ് ചെയ്യുന്ന എഐ നിര്‍മിത വീഡിയോ പങ്കുവച്ച് ട്രംപ്; പ്രതിഷേധവുമായി നിരവധി പേര്‍

തന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റിലൂടെ ഏറ്റവും പ്രധാനപ്പെട്ട ഭരണ വിവരങ്ങള്‍ പോലും പങ്കുവച്ച് അതിനൊരു ആധികാരികത ഉണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍ എഐ വിഡിയോ എന്ന സൂചന പോലുമില്ലാതെ ട്രംപ് പങ്കുവച്ച ഈ വിഡിയോയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നിരവധി പേര്‍.
നോ വണ്‍ ഈസ് എബൗ ദ ലോ (ആരും നിയമത്തിന് അതീതരല്ല) എന്ന് പ്രമുഖ അമേരിക്കക്കാര്‍ പറയുന്ന യഥാര്‍ഥ ഭാഗത്തിന് ശേഷമാണ് എഐ നിര്‍മിത വീഡിയോ ആരംഭിക്കുന്നത്. ഓവല്‍ ഓഫിസില്‍ ട്രംപുമായി സംഭാഷണം നടത്തുകയാണ് ഒബാമ. നിയമത്തിന് മുന്നിലുള്ള തുല്യതയെക്കുറിച്ചാണ് അവര്‍ സംസാരിക്കുന്നത്. പെട്ടെന്ന് മുറിയിലേക്ക് കടന്നുവരുന്ന എഫ്ബിഐ ഓഫീസര്‍മാര്‍ ഒബാമയെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നത് മുതലാണ് നിര്‍മിത ബുദ്ധി ഉപയോഗിച്ച വിഡിയോ. കൊടും കുറ്റവാളികളെ കൈകാര്യം ചെയ്യുന്നത് പോലെയാണ് മുന്‍പ്രസിഡന്റിനെ എഫ്ബിഐക്കാര്‍ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് കാണുന്ന ദൃശ്യത്തില്‍ ബരാക് ഒബാമ ജയിലിലാണ്. തടവുകാരുടെ ഓറഞ്ച് യൂണിഫോം ധരിച്ചാണ് ജയിലില്‍ ഒബാമയെ കാണാനാകുന്നത്.
സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന വിഡിയോകള്‍ എഐ നിര്‍മിതമെങ്കില്‍ അത് വ്യക്തമാക്കണമെന്ന് നിര്‍ദേശമുള്ളപ്പോഴാണ് അമേരിക്കന്‍ പ്രസിഡന്റ് ജനങ്ങളെ വിഡ്ഢികളാക്കുന്ന തരത്തില്‍ ഈ വിഡിയോ പോസ്റ്റ് ചെയ്തതെന്ന് വിമര്‍ശനം ഉയരുന്നുണ്ട്. തന്റെ ആദ്യ പ്രസിഡന്റ് പദവി മുടക്കാന്‍ ശ്രമിച്ചയാളാണ് ഒബാമയെന്ന് ആരോപണമുന്നയിച്ച ട്രംപിന്റെ പ്രവൃത്തി ഒട്ടും ഔചിത്യമില്ലാത്തതായിപ്പോയെന്നും കമന്റുകളുണ്ട്. ജനങ്ങള്‍ക്ക് തെറ്റായ വിവരം നല്‍കുന്ന വീഡിയോ പോസ്റ്റ് ചെയ്തത് തികച്ചും നിരുത്തരവാദിത്തപരമായ നടപടിയെന്നാണ് അമേരിക്കന്‍ രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.