യുപിഐ ഇനി യുഎഇയിലും; NPCI

ഇന്ത്യയുടെ യുപിഐ സംവിധാനം യുഎഇയിൽ വ്യാപകമാക്കാൻ നാഷണൽ പേയ്മെന്റ്റ് കോർപറേഷൻ ഓഫ് ഇന്ത്യ (NPCI) തീരുമാനിച്ചു. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ നാട്ടിലെ ബാങ്ക് അക്കൗണ്ടിലെ പണം ഉപയോഗിച്ച് മൊബൈൽ ഫോൺ വഴി പണമിടപാടുകൾ നടത്താം. ഭാവിയിലെ യാത്രകളിൽ ദിർഹമോ ഡെബിറ്റ് കാർഡോ കൈയിൽ കരുതേണ്ടിവരില്ല. പകരം ഗൂഗിൾ പേ, പേടിഎം പോലെ യുപിഐ പിന്തുണയ്ക്കുന്ന ആപ്പുകൾ മാത്രം മതിയാകും.
രൂപ ദിർഹത്തിലേക്കു മാറ്റുന്നതിന്റെ ബുദ്ധിമുട്ടുകളും ഒഴിവാകും. ദുബായ് ഡ്യൂട്ടി ഫ്രീയിലും ലുലു ഗ്രൂപ്പ് സ്ഥാപനങ്ങളിലും നിലവിൽ യുപിഐ ഇടപാടുകൾ നടക്കുന്നുണ്ട്. ഒരു വർഷത്തിനകം യുപിഐ യുഎഇയിലെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും ലഭ്യമാക്കുമെന്ന് എൻപിസിഐ എംഡിയും സിഇഒയുമായ റിതേഷ് ശുക്ല പറഞ്ഞു. പാസ്പോർട്ടും മൊബൈൽ ഫോണും മാത്രമായി യുഎഇയിലേക്കു വരാൻ കഴിയുന്ന കാലം വിദൂരമല്ലെന്ന് ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ്കുമാർ ശിവൻ പറഞ്ഞു. അധികം വൈകാതെ പ്രവാസികളായ ഇന്ത്യക്കാർക്ക് നാട്ടിലേക്കു പണം അയയ്ക്കാനും ഈ യു പിഐ സംവിധാനം പ്രയോജന പ്പെടുത്താം.
തടസ്സമില്ലാത്ത സേവനം ഉപയോക്താക്കള്‍ക്ക് വേഗത്തില്‍ ലഭ്യമാക്കാനായി എന്‍ഐപിഎല്‍ യുഎഇയിലെ വ്യാപാരി സ്ഥാപനങ്ങള്‍, പേയ്‌മെന്റ് സൊല്യൂഷന്‍ ദാതാക്കള്‍, ബാങ്കുകള്‍ എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിതേഷ് ശുക്ല വ്യക്തമാക്കി. നാലുമാസത്തിനകം ദുബായിലെ ടാക്‌സികളില്‍ യുപിഐ ഉപയോഗിച്ച് പണം നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്താനുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാനെന്ന് അധികൃതര്‍ വ്യക്തമാക്കി.