മണ്ഡലത്തില്‍ വലിയ ലീഡില്‍ മുന്നിട്ടുനില്‍ക്കുന്നതിന്റെ സന്തോഷം പങ്കുവെച്ച് യു ആര്‍ പ്രദീപ്
ചേലക്കര: ചേലക്കര മണ്ഡലത്തില്‍ വലിയ ലീഡില്‍ മുന്നിട്ടുനില്‍ക്കുന്നതിന്റെ സന്തോഷം പങ്കുവെച്ച് ഇടതുസ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ്. തുടക്കം മുതല്‍ പറഞ്ഞ കാര്യമേ ഇപ്പോഴും പറയാനുള്ളൂവെന്നും കേരളത്തിൽ സര്‍ക്കാര്‍ വിരുദ്ധതയില്ലെന്നും യു ആര്‍ പ്രദീപ് മാധ്യമങ്ങളോട് പറഞ്ഞു.
ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളെ ചേര്‍ത്തുപിടിച്ച ചരിത്രമാണ് ചേലക്കരയുടേത്. അത് വീണ്ടും ആവര്‍ത്തിക്കുന്നു. ഇനിയും ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കും. പ്രതീക്ഷിച്ച പോലെയാണ് ലീഡ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇനിയുള്ള പഞ്ചായത്തുകളുടെ ഫലം കൂടി വന്നാല്‍ ബാക്കി പറയാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മൂന്നാം വട്ടവും ഇടതുപക്ഷ സര്‍ക്കാറിന്റെ ഭരണം സംസ്ഥാനത്ത് വരും എന്നതിന്റെ സൂചനയാണ് ചേലക്കരയില്‍ കാണുന്നതെന്ന് കെ രാധാകൃഷ്ണന്‍ എംപി പറഞ്ഞു. ചേലക്കരയില്‍ യുഡിഎഫ് എല്ലാ കള്ളപ്രചാര വേലകളും ഇറക്കിയിരുന്നു. അതിനെയെല്ലാം അതിജീവിച്ച് ജനങ്ങള്‍ ഇടതുപക്ഷത്തിന് വേണ്ടി അണിനിരന്നു. ഭരണവിരുദ്ധത ഇല്ലെന്നാണ് കാണുന്നത്. ഭരണവിരുദ്ധത പറഞ്ഞുണ്ടാക്കുന്നതാണ്. നിലവിലെ ലീഡ് കാണുമ്പോള്‍ പതിനായിരത്തിലധികം ഭൂരിപക്ഷം നേടുമെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയുമെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു.