“വി. ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള”: പുതുക്കിയ പതിപ്പ് ഇന്ന് സെൻസർ ബോർഡിൽ സമർപ്പിക്കും

അനുപമ പരമേശ്വരനും സുരേഷ് ഗോപിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന “ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള” എന്ന ചിത്രത്തിന്റെ പുതുക്കിയ പതിപ്പ് ഇന്ന് സെൻസർ ബോർഡിന് സമർപ്പിക്കും. തിരുവനന്തപുരം സെൻസർ ബോർഡ് ഓഫീസിൽ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ചിത്രത്തിന്റെ നവീകരിച്ച പതിപ്പ് സമർപ്പിക്കുന്നത്.
സെൻസർ ബോർഡിന്റെ നിർദേശപ്രകാരം, ചിത്രത്തിന്റെ മുഴുവൻ പതിപ്പ് സമർപ്പിക്കേണ്ടതില്ല. കോടതി രംഗങ്ങളിൽ ജാനകി എന്ന് പറയുന്ന ഭാഗങ്ങൾ മ്യൂട്ട് ചെയ്തതും, സബ് ടൈറ്റിലുകൾ ആവിശ്യാനുസരണം എഡിറ്റ് ചെയ്തതുമാണ് സമർപ്പിക്കുന്നത്.
ചിത്രത്തിന് “വി. ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള” എന്ന പേരായിരിക്കുമെന്ന് നിർമാതാക്കൾ ഹൈക്കോടതിയെ നേരത്തെ അറിയിച്ചിരുന്നു. ജാനകി എന്ന പേരിന്റെ ഉപയോഗം പ്രത്യേകിച്ച് വിചാരണ രംഗങ്ങളിൽ വിവാദമാവുന്നതിനാൽ, അതിന്റെ ഉപയോഗം ഒഴിവാക്കുകയോ മ്യൂട്ട് ചെയ്യുകയോ ചെയ്യണമെന്ന് സെൻസർ ബോർഡ് നിർദേശിച്ചിരുന്നു.
ചില രംഗങ്ങളിൽ “ജാനകി” എന്നതിനു പകരം “ജാനകി വിദ്യാധരൻ” അല്ലെങ്കിൽ “ജാനകി വി” എന്നപോലെ പരിപൂർണ്ണമായ പേര് ഉപയോഗിക്കണമെന്നായിരുന്നു ബോർഡിന്റെ നിർദേശം. വിവാദമുണ്ടായിട്ടുള്ള സംഭാഷണങ്ങളിൽ കട്ട് ആവശ്യമായി വന്നാൽ അത് മ്യൂട്ട് ചെയ്ത് പരിഹരിക്കാമെന്നും ബോർഡ് വ്യക്തമാക്കിയിരുന്നു.
നിർമാതാക്കൾ കോടതിയെ അറിയിച്ചു പ്രകാരം, “ജാനകി” എന്ന പേരിന്റെ ഉപയോഗം 96 ഓളം ഭാഗങ്ങളിൽ വരുന്നുണ്ട്, അതിനാൽ ടൈറ്റിലിൽ “വി.” എന്നതുപോലെ ചെറിയ മാറ്റം വരുത്തിയാൽ മതിയാകുമെന്ന് സെൻസർ ബോർഡ് സമ്മതിച്ചു.
അനുപമ പീഡനത്തിനിരയായ ഗർഭിണിയായ യുവതിയായി അഭിനയിക്കുന്ന ഈ സിനിമ, പേരുമായി ബന്ധപ്പെട്ട നിയമവഴക്കിലാണ് കുടുങ്ങിയത്. ചർച്ചകൾക്ക് പിന്നാലെ തീയറ്റർ റിലീസിന് നീക്കം വേഗത്തിലാക്കാൻ ബോർഡിന്റെ നിർദേശങ്ങൾ അനുസരിക്കുമെന്ന് നിർമാതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.
ചിത്രത്തിന് ഇന്നുതന്നെ സെൻസർ അനുമതി ലഭിക്കാനുള്ള സാധ്യതയുണ്ട്.
Tag: “V. Janaki vs. State of Kerala”: Revised version to be submitted to the Censor Board today