Latest News

വയനാട് ദുരന്തം; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധത്തിന് ഒരുങ്ങി കോൺഗ്രസ്സ്

 വയനാട് ദുരന്തം; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധത്തിന് ഒരുങ്ങി കോൺഗ്രസ്സ്

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധത്തിന് ഒരുങ്ങി കോൺഗ്രസ്സ്. നിയുക്ത വയനാട് എം പി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ ഇതിനെ സംബന്ധിച്ചുളള യോഗം ചേരും. വയനാട്, മലപ്പുറം, കോഴിക്കോട് നിന്നുള്ള കോൺഗ്രസ്സ് നേതാക്കൾ യോ​ഗത്തിനായി ഡൽഹിയിൽ എ‌ത്തിയിട്ടുണ്ട്. യോഗത്തിൽ സമരപരിപാടികൾ ആസൂത്രണം ചെയ്യാനാണ് തീരുമാനം. കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ്, വയനാട് ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചൻ, എപി അനിൽ കുമാർ എംഎൽഎ, കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ എന്നിവരാണ് ഡൽഹിയിൽ എ‌ത്തിയത്.

അ‌തേ സമയം വയനാട് പുനരധിവാസത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ വിമർശനമുയർത്തി ടി സിദ്ദിഖ് എംഎൽഎ. പ്രഖ്യാപനങ്ങളോട് പ്രധാനമന്ത്രി നീതി പുലർത്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫോട്ടോ എ‌ടുക്കുന്നതിന് മാത്രമായി പ്രധാനമന്ത്രി വയനാട്ടിലേക്ക് വരരുതായിരുന്നു. രാഹുൽ ഗാന്ധി പല തവണ പാർലമെൻ്റിൽ ചൂരൽമല വിഷയം ഉന്നയിച്ചതാണ്. രാഹുലിൻ്റെ തുടർച്ചയായി പ്രിയങ്ക വിഷയം ഏറ്റെടുക്കുമെന്നും ‍ടി സിദ്ദിഖ് പറഞ്ഞു. വിഷയത്തിൽ സംസ്ഥാന സർക്കാരിനും ഒട്ടേറെ വീഴ്ചകൾ പറ്റിയിട്ടുണ്ട്. 47 പേരുടെ മൃതദേഹം ഇനിയും കിട്ടിയിട്ടില്ല. തിരച്ചിൽ സർക്കാർ ബോധപൂർവം നിർത്തിയതാണ്. പുനരധിവാസത്തിന് സ്ഥലമെടുപ്പ് ഇതുവരെ പൂർത്തിയായില്ല. സ്പോൺസർമാരുടെ യോഗവും ഇതുവരെ ചേർന്നിട്ടില്ലായെന്ന് അദ്ദേഹം വിമർശിച്ചു.

അതേ സമയം ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേരളത്തിന് ധനസഹായം നല്‍കാന്‍ കേന്ദ്രം ഉറപ്പ് നല്‍കിയതായി കെ വി തോമസ് ഇന്നലെ അറിയിച്ചിരുന്നു. സഹായം സമയബന്ധിതമായി ലഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചിട്ടുണ്ട്. കേരളത്തിന്റെ കാര്യത്തില്‍ പ്രത്യേക താത്പര്യത്തോടെയാണ് കേന്ദ്ര മന്ത്രി ഇടപെട്ടതെന്നും കെ വി തോമസ് വ്യക്തമാക്കിയിരുന്നു. മൂന്നാം തവണയാണ് വയനാടിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ വി തോമസ് നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes