Latest News

വയനാട് ദുരന്തം; കേന്ദ്രം രാഷ്ട്രീയം കളിക്കരുതെന്ന് കെ വി തോമസ്

 വയനാട് ദുരന്തം; കേന്ദ്രം രാഷ്ട്രീയം കളിക്കരുതെന്ന് കെ വി തോമസ്

കൊച്ചി: വയനാട് മുണ്ടക്കൈ, ചൂരല്‍മല ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ച് കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ്. കേന്ദ്രം രാഷ്ട്രീയം കളിക്കരുതെന്നും ഫെഡറല്‍ സംവിധാനത്തില്‍ ചെയ്യാന്‍ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് ആദ്യ വാരം തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നുവെന്നും ഇതിനുള്ള മറുപടിയാണ് മാസങ്ങള്‍ക്ക് ശേഷം വന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

‘100 ശതമാനം സഹായം വേണമെങ്കില്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. സംസ്ഥാന ദുരന്തമോ പ്രകൃതി ദുരന്തമോ ആണെങ്കില്‍ 80 ശതമാനം കേന്ദ്ര സര്‍ക്കാരും 20 ശതമാനം സംസ്ഥാനവും നല്‍കണം. ഈ പശ്ചാത്തലം മനസിലാക്കിയാണ് ഓഗസ്റ്റ് ആദ്യ ആഴ്ച തന്നെ മുഖ്യമന്ത്രി കത്ത് നല്‍കിയത്. ഞാനത് പിന്തുടര്‍ന്ന് വീണ്ടും കത്ത് നല്‍കി. ആ കത്തിനുള്ള മറുപടിയാണ് മാസങ്ങള്‍ക്ക് ശേഷം വന്നത്. പ്രത്യേകമായ സഹായം വയനാടിന് ലഭിക്കണം. പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും നേരിട്ട് കണ്ടതാണ്. നിര്‍മല സീതാരാമന്‍ കൊച്ചിയില്‍ വന്നപ്പോള്‍ കൈവിടില്ലെന്ന് മാധ്യമങ്ങളോട് തന്നെ പറഞ്ഞതാണ്’, കെ വി തോമസ് പറഞ്ഞു.

രാജ്യത്തോടുള്ള വെല്ലുവിളിയാണിതെന്നും പ്രധാനമന്ത്രി എല്ലാം നേരിട്ട് കണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു. ദുരന്തം നടന്ന അന്ന് മുതല്‍ സംസ്ഥാനം കേന്ദ്രത്തിന്റെ മാനദണ്ഡമനുസരിച്ചാണ് റിപ്പോര്‍ട്ടുകള്‍ നല്‍കിയത്. ഒരു സന്ദര്‍ഭത്തിലും സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്ന് പിഴവ് വന്നിട്ടില്ല. മുഖ്യമന്ത്രി തന്നെ പ്രധാനമന്ത്രിയെ പോയി കണ്ടു. അപ്പോഴും പോസിറ്റീവായാണ് സംസാരിച്ചതെന്നും കെ വി തോമസ് കൂട്ടിച്ചേര്‍ത്തു.

‘ഓഗസ്റ്റ് രണ്ടിന് മുഖ്യമന്ത്രി നല്‍കിയ ആദ്യ കത്തിനുള്ള മറുപടിയാണ് വന്നത്. ആറ് മാസം കഴിഞ്ഞു. പാവപ്പെട്ട മനുഷ്യര്‍ക്ക് സഹായമെത്തിക്കാനുള്ള ബാധ്യത കേന്ദ്രത്തിനുണ്ട്. 7000 കോടി രൂപ ആന്ധ്രാ പ്രദേശിന് നല്‍കി. മാനദണ്ഡം പോലും പറഞ്ഞിട്ടില്ല. കേരളം ഭരിക്കുന്നത് ബിജെപിയില്‍ നിന്ന് വ്യത്യസ്തമായ സര്‍ക്കാരാണ്. അത് വെച്ചുകൊണ്ട് രാഷ്ട്രീയം കളിക്കരുത്’, അദ്ദേഹം പറഞ്ഞു.

കേന്ദ്ര നിലപാടിനെതിരെ പ്രതിപക്ഷം ഒന്നിച്ച് നില്‍ക്കണമെന്നും കെ വി തോമസ് ആവശ്യപ്പെട്ടു. പ്രതിപക്ഷം രാഷ്ട്രീയം കളിക്കരുതെന്നും കേരളത്തിന് ലഭിക്കേണ്ട ന്യായമായ അവകാശത്തിന് വേണ്ടി പാര്‍ലമെന്റില്‍ ശബ്ദം ഉയര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കാര്യത്തിലും പ്രതിപക്ഷം അമിതമായ രാഷ്ട്രീയം കാണരുതെന്നും സംസ്ഥാനത്തിന്റെ കാര്യങ്ങള്‍ പരിഹരിക്കാന്‍ ഒന്നിച്ച് നില്‍ക്കണമെന്നും കെ വി തോമസ് പറഞ്ഞു. ഇത് നാടിന്റെ പ്രശ്‌നമാണ്. നമ്മള്‍ ഇതില്‍ നിന്ന് പിന്നോട്ട് പോകില്ല. ഇത് നമ്മുടെ അവകാശമാണ്, ഔദാര്യമല്ല. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നുവെന്നും കെ വി തോമസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes